അഞ്ചുവർഷമായി സേവനം; മനുഷ്യരേക്കാൾ വേഗം; ഒടുവിൽ ഈ എലിയെ തേടി ധീരതയ്ക്കുള്ള പുരസ്‌കാരം

കംബോഡിയ: പലരക്ഷാ പ്രവർത്തനങ്ങളും ധീരപ്രവർത്തികളും ചെയ്ത് പലരും സ്വന്തമാക്കുന്ന ധീരതയ്ക്കുള്ള അവാർഡ് നേടി അമ്പരപ്പിച്ചിരിക്കുകയാണ് ഒരു എലി. പൊതുവെ മനുഷ്യർക്ക് ധീരതയ്ക്കുള്ള അവാർഡുകൾ ലഭിച്ചെന്ന വാർത്തകളാണ് കേൾക്കാറുള്ളതെങ്കിലും അനേകം മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന സത്പ്രവർത്തിയിലൂടെ മഗാവയെന്ന എലിയാണ് ഇത്തവണ ധീരതയ്ക്കുള്ള അവാർഡ് സ്വന്തമാക്കി അമ്പരപ്പിക്കുന്നത്.

ആഫ്രിക്കൻ ജയ്ന്റ് പൗച്ച്ഡ് റാറ്റ് വിഭാഗത്തിൽപ്പെട്ട എലിയാണ് മഗാവ. സാധാരണ എലികളിൽ നിന്ന് വ്യത്യസ്തമായി കവിളിൽ ചെറു സഞ്ചികളുള്ള വിഭാഗക്കാരാണ് ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റുകൾ. ഈ ധീരൻ ചെയ്യുന്നതാകട്ടെ കംമ്പോഡിയയിലെ ആഭ്യന്തര യുദ്ധകാലത്ത് കുഴിച്ചിട്ട കുഴിബോംബുകൾ കണ്ടെത്തുകയെന്നതും. 39 കുഴി ബോംബുകളാണ് മഗാവ ഇതിനോടകം കണ്ടെത്തിയിരിക്കുന്നത്. 28ലേറെ വെടിക്കോപ്പുകളും മഗാവ കണ്ടെത്തിയിട്ടുണ്ട്. ഈ ധീര പ്രവർത്തിക്കാണ്, മൃഗങ്ങളുടെ ധീരമായ പ്രവർത്തികൾക്ക് അംഗീകാരം നൽകുന്ന ബ്രിട്ടീഷ് ചാരിറ്റിയായ ‘പിപ്പിൾസ് ഡിസ്‌പെൻസറി ഫോർ സിക്ക് ആനിമൽസ്’ (പിഡിഎസ്എ) തങ്ങളുടെ പരമോന്നത ബഹുമതി മഗാവയ്ക്ക് നൽകിയിരിക്കുന്നത്. ഈ ബഹുമതി നേടിയിട്ടുള്ള മൃഗങ്ങളിലെ ആദ്യത്തെ എലിയാണ് മഗാവ.

കഴിഞ്ഞ അഞ്ചു വർഷമായി കുഴിബോംബുകൾ കണ്ടെത്തുന്ന ജോലിയിൽ സൈന്യത്തെ സഹായിക്കുകയാണ് ‘ഹീറോ റാറ്റ്’ എന്നറിയപ്പെടുന്ന ഏഴുവയസുകാരൻ മഗാവ. മികച്ച ഘ്രാണ ശക്തിക്ക് പുറമേ ഹാൻഡിലറിലെ സെൻസറുകളും ഈ ബോംബുകൾ കണ്ടെത്താൻ മഗാവയെ സഹായിക്കുന്നുണ്ട്. വിരമിക്കൽ പ്രായമാകുന്നത് വരെ മഗാവ ഈ ജോലി തുടരുമെന്ന് അധികൃതർ പറയുന്നു.

1975-88 കാലഘട്ടത്തിലെ കംബോഡിയ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായി 50 ലക്ഷത്തിലധികം കുഴിബോംബുകളാണ് രാജ്യത്താകമാനം സ്ഥാപിച്ചത്. അത് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴും തുടരുന്നത്. 64,000ലേറെ ആൾക്കാരാണ് ഇത്തരത്തിൽ മണ്ണിൽ പുതഞ്ഞുകിടക്കുന്ന കുഴിബോംബ് പൊട്ടിയുള്ള സ്‌ഫോടനത്തിൽ മരണപ്പെട്ടിട്ടുള്ളത്.

Exit mobile version