കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പകുതിയും കാണാനില്ല; എലി കരണ്ടെന്ന് പ്രോസിക്യൂഷന്‍!

കേസിന്റെ വിചാരണ ഘട്ടത്തില്‍ തൊണ്ടിമുതല്‍ കേസ് നടപടികള്‍ക്കായി എടുത്തപ്പോഴാണ് ഇതില്‍ പകുതിയും കാണാനില്ലെന്ന് മനസിലായത്.

തിരുവനന്തപുരം: കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതല്‍ എലി കരണ്ടെന്ന് പ്രോസിക്യൂഷന്റെ വാദം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി കരണ്ടത്. 2016 ല്‍ സാബു എന്നയാളെ അറസ്റ്റ് ചെയ്ത കേസിലെ നിര്‍ണായക തൊണ്ടിമുതലായിരുന്നു ഇത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ കന്റോണ്‍മെന്റ് പോലിസ് 125 ഗ്രാം കഞ്ചാവുമായി സാബുവിനെ പിടികൂടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തില്‍ തൊണ്ടിമുതല്‍ കേസ് നടപടികള്‍ക്കായി എടുത്തപ്പോഴാണ് ഇതില്‍ പകുതിയും കാണാനില്ലെന്ന് മനസിലായത്. എലി കരണ്ടതാകാമെന്ന് പ്രോസിക്യൂഷന്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം, കരമനയില്‍ സമീപവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു കേസിന് ആസ്പദമായ സംഭവം.

അയല്‍വാസിയായ രാധാമണി എന്ന സ്ത്രീയെയാണ് ഇയാള്‍ ആക്രമിച്ചത്. രാധാമണിയമ്മയുടെ മകനും ആക്രമണത്തില്‍ പരിക്കേറ്റു. അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ആണെന്ന് പോലീസ് പറഞ്ഞു.

സംഭവ ശേഷം ഒളിവില്‍ പോയ പ്രതിയെ കരമന സി.ഐ സുജിത്, എസ്.ഐമാരായ സന്തു വിജയന്‍, ബൈജു, സി.പി.ഒമാരായ സാജന്‍, ഉണ്ണികൃഷ്ണന്‍, സഞ്ജിത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version