വാക്‌സിൻ വിജയമെന്ന് ഉറപ്പില്ല, പരീക്ഷണം അവസാനഘട്ടത്തിലും; എന്നിട്ടും ചൈനയിൽ വാക്‌സിൻ വിതരണം ആരംഭിച്ചെന്ന് റിപ്പോർട്ട്

ബീജിങ്: കൊവിഡ് മഹാമാരിക്കെതിരായ വാക്‌സിൻ പരീക്ഷണങ്ങൾ ലോകമെമ്പാടും നടക്കുന്നതിനിടെ വിജയിക്കുമെന്ന് ഉറപ്പില്ലാത്ത വാക്‌സിൻ സ്വന്തം ജനതയ്ക്ക് വിതരണം ചെയ്ത് ചൈന. അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന വാക്‌സിൻ രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാനും ആരംഭിച്ചിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പൂർണ്ണമായും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന പോലും പറയുന്നതിനിടെയാണ് ചൈനയുടെ നടപടി. ചൈന സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങി ആയിരക്കണക്കിന് ജനങ്ങളിൽ വാക്‌സിൻ കുത്തിവെച്ചന്നാണ് റിപ്പോർട്ട്. അധ്യാപകർ, സൂപ്പർ മാർക്കറ്റ് ജീവനക്കാർ, വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തുന്നവർ എന്നിവർക്കാവും അടുത്തഘട്ടത്തിൽ വാക്‌സിൻ ഡോസ് നൽകുക.

ഇനിയും കൂടുതൽ ആളുകൾക്ക് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് ചൈനീസ് ഉദ്യോഗസ്ഥർ. ഇപ്പോൾ വിതരണം ചെയ്യുന്ന വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വരും ദിവസങ്ങളിൽ തെളിയിക്കപ്പെടുമെന്നാണ് വാക്‌സിൻ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

അതേസമയം, ചൈനയുടെ നടപടി ആഗോള ആരോഗ്യവിദഗ്ധർ ആശങ്കയോടെയാണ് കാണുന്നത്. തെളിയിക്കപ്പെടാത്ത വാക്‌സിൻ കുത്തിവെക്കുന്നത് പാർശ്വഫലങ്ങൾക്കിടയാക്കിയേക്കാം. ചിലരിൽ വിപരീതഫലം വരെ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചൈന തങ്ങളുടെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിർബന്ധിച്ചാണ് വാക്‌സിൻ ഡോസ് നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. വാക്‌സിൻ സ്വീകരിച്ചവർക്ക് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടതായി അറിയാൻ കഴിഞ്ഞുവെന്ന് ഓസ്‌ട്രേലിയ മർഡോക് ചിൽഡ്രൻസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡോ. കിം മുൽഹോല്ലണ്ട് പറഞ്ഞു.

Exit mobile version