ഹമ്പോ! മനക്കട്ടിയുള്ളവർ മാത്രം താഴേക്ക് നോക്കുക; ലോകത്തെ ഏറ്റവും വലിയ കണ്ണാടി പാലം ചൈനയിൽ തുറന്നു

ഹുവാങ്: കണ്ണാടി പാലങ്ങൾക്ക് ഏറെ പ്രശസ്തമായ ചൈനയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണാടി പാലം (ഗ്ലാസ് ബ്രിഡ്ജ്) ചൈനയിൽ തുറന്നു. തെക്കൻ ചൈനയിലെ ഹുവാങ്ചുവാൻ ത്രീ ഗോർജസ് പ്രദേശത്തെ ലിയാൻ ജിയാങ് നദിക്ക് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 526 മീറ്റർ നീളമാണ് പാലത്തിനുള്ളത്. അടിവശം പൂർണ്ണമായും കണ്ണാടി പാകിയിട്ടുള്ള പാലം നിർമ്മിച്ചത് സെജിയാങ് സർവകലാശാലയിലെ ആർക്കിടെക്ചറൽ ഡിസൈൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. ബോട്ട് സവാരിക്ക് പേരുകേട്ട നദിയിൽ നിന്നും 201 മീറ്റർ ഉയരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗ്ലാസിലൂടെ നടന്ന് നീങ്ങുന്നവർക്ക് തിരക്ക് കൂട്ടാതെ ഫോട്ടോയെടുക്കുന്നതിനായി പ്രത്യേക പ്ലാറ്റ്‌ഫോമും പാലത്തിനോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. 1.7 ഇഞ്ച് കനമുള്ള മൂന്ന് ചില്ലുപാളികൾ അടുക്കിയാണ് പാലത്തിന്റെ നടപ്പാത നിർമ്മിച്ചിരിക്കുന്നത്. കൂടാതെ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഗാർഡ് റെയിലുകളുമുണ്ട്.

ടവറുകളും പ്രധാന കേബിളുകളുമെല്ലാം ചുവന്ന നിറത്തിലാണ് വരച്ചിരിക്കുന്നത്. ഗ്ലാസ് പാലം ആണെന്ന് കരുതി ഉറപ്പിലൊരു വിട്ടുവീഴ്ചയുമില്ല. പാലത്തിൽ ഒരു സമയം 500 സന്ദർശകർക്ക് വരെ കയറാനാവുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഈ വർഷമാദ്യം നിർമ്മാണം പൂർത്തിയാക്കിയ പാലം ലോകത്തിലെ ഏറ്റവും നീളമേറിയ ചില്ലുപാലമായി ഈയിടെ ഗിന്നസ് അധികൃതർ അംഗീകരിച്ചിരുന്നു. നിലവിൽ 2,300 ഗ്ലാസ് പാലങ്ങളാണ് ചൈനയിലുള്ളത്.

Exit mobile version