ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനു ഭ്രാന്താണോ..? ഈ വസ്ത്രത്തിന് എന്താണ് കുഴപ്പം; പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയ മാധ്യമപ്രവര്‍ത്തകയുടെ പ്രതിഷേധം

ഞാന്‍ ഭാഗ്യം ചെയ്തവളാണ്. കൈകള്‍ പുറത്തുകാണുന്ന വേഷവുമായി പാര്‍ലമെന്റില്‍ എനിക്കു പോകേണ്ടിവന്നില്ല. പകരം കൗമാരക്കാരെ പഠിപ്പിക്കുകയായിരുന്നു

ഓസീസ്: ഇന്ത്യയില്‍ ടിക്ടോക് വൈറലാകുന്ന പോലെ ഓസ്‌ട്രേലിയയില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു സെല്‍ഫി തരംഗമാവുകയാണ്. യുവതികളാണ് ഈ തരംഗത്തിന് പിന്നില്‍ സ്വന്തം സ്ലീവ്‌ലെസ്സ് ടോപ്പുകളും ഷോര്‍ട്ട് സ്ലീവുകളും ധരിച്ചുകൊണ്ടുള്ള കൈകളുടെ ചിത്രങ്ങളാണ് സ്ത്രീകള്‍ പോസ്റ്റുചെയ്യുന്നത്. എന്നാല്‍ ടിടോക് പോലെ വിനോദമല്ല പ്രതിഷേധമാണ് ഇതിനു പിന്നില്‍.

എബിസി റേഡിയോ നാഷണല്‍ അവതാരക പട്രീഷ്യ കാര്‍വലസാണ് വിവാദ നായിക. സ്ലീവ് ലെസ് വസ്ത്രം ധരിച്ചുവെന്ന കുറ്റം ചുമത്തി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ നിന്ന് പട്രീഷ്യ പുറത്താക്കപ്പെട്ടു. പ്രസ് ഗ്യാലറിയില്‍നിന്ന് പുറത്തുപോകാന്‍ അവരോട് പാര്‍ലമെന്റ് സ്പീക്കറാണ് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് കൈകള്‍ പുറത്തുകാണുന്ന വിധത്തിലുള്ള തന്റെ കൈകളുടെ സെല്‍ഫി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പട്രീഷ്യ ചോദിക്കുന്നു: ഓസീസ് പാര്‍ലമെന്റിനു ഭ്രാന്താണോ? ശരീരം കുറച്ചുകൂടി മറയുന്ന വിധത്തില്‍ വസ്ത്രം ധരിച്ചുവേണം പാര്‍ലമെന്റില്‍ എത്താന്‍ എന്നൊരു നിര്‍ദേശവും പത്രപ്രവര്‍ത്തകയ്ക്കു ലഭിച്ചു.

എന്നാല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ വിശദീകരണം ചോദിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോ വ്യക്തിയുടെയും വിവേചനാധികാരത്തില്‍പ്പെടുന്നതാണ് വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പും. എങ്കിലും പുരുഷന്‍മാര്‍ ട്രൗസറും ജാക്കറ്റും ടൈയും ധരിച്ചു പാര്‍ലമെന്റില്‍ എത്തുന്നതാണു നല്ലത്. സമാനമായ ഫോര്‍മല്‍ വസ്ത്രധാരണം സ്ത്രീകളില്‍നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

അതേസമം തന്റെ വേഷത്തില്‍ ഒരു കുറ്റവും തനിക്കു കാണാന്‍ കഴിയുന്നില്ലെന്നു പറയുന്നു പട്രീഷ്യ. പ്രൊഫഷണലായ വേഷമാണത്. എനിക്കേറെ ഇഷ്ടപ്പെട്ട വേഷം. പക്ഷേ അറ്റന്‍ഡന്റ് പറയുന്നത് ഈ വേഷം ഉചിതമല്ലെന്ന്. ഈ വേഷത്തില്‍ പാര്‍ലമെന്റില്‍ വരാന്‍ പാടില്ലെന്നും പുറത്തുപോകണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പത്രപ്രവര്‍ത്തകയുടെ ട്വീറ്റ് പെട്ടെന്നുതന്നെ വൈറലായി. നൂറുകണക്കിനുപേര്‍ ട്വീറ്റ് ലൈക് ചെയ്തു. ഷെയര്‍ ചെയ്തു. സ്ത്രീകള്‍ കൂടുതലായി പത്രപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്തുവരികയും ചെയ്തു. പ്രതിഷേധ സൂചകമായി അവര്‍ തങ്ങളുടെ നഗ്‌നമായ കൈകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു.

ഞാന്‍ ഭാഗ്യം ചെയ്തവളാണ്. കൈകള്‍ പുറത്തുകാണുന്ന വേഷവുമായി പാര്‍ലമെന്റില്‍ എനിക്കു പോകേണ്ടിവന്നില്ല. പകരം കൗമാരക്കാരെ പഠിപ്പിക്കുകയായിരുന്നു, സ്ലീവ്‌ലെസ് വേഷം ധരിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് ഒരു യുവതി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

ഞാന്‍ ജോലിക്കു പോകുകയാണ് പാര്‍ലമെന്റിലേക്കല്ല മറ്റൊരു യുവതി ഷോര്‍ട് സ്ലീവ് വേഷത്തില്‍ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ എഴുതി.

അതേസമയം പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ലമെന്റംഗം ജൂലി ബിഷപ്പും ഇത്തരത്തില്‍ വേഷം ധരിക്കറുണ്ട്. അപ്പോഴൊന്നും പ്രതിഷേധിക്കാത്ത സ്പീക്കര്‍ ഒരു പത്രപ്രവര്‍ത്തകയ്ക്കു നേരെ പ്രതിഷേധിക്കുകയും പുറത്താക്കുകയും ചെയ്തതിന്റെ ഇരട്ടത്താപ്പും ഓസ്‌ട്രേലിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Exit mobile version