കുപ്പിയില്‍ ലഭിച്ചത് മലിനജലം, വയറിളക്കം ബാധിച്ച് മുന്നൂറോളം പേര്‍ ആശുപത്രിയില്‍, കുടിവെള്ള പ്ലാന്റ് അടച്ചിട്ടു

ബെയ്ജിങ്: മലിനജലം കുടിച്ച് വയറിളക്കം ബാധിച്ച് മുന്നൂറോളം പേര്‍ ആശുപത്രിയില്‍. ചൈനയിലെ ബാവോയിയിലാണ് സംഭവം. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചിടാനും വിതരണം നിര്‍ത്തിവെക്കാനും അധികൃതര്‍ ഉത്തരവിട്ടു.

ഷിഗല്ലെ ബാക്ടീരിയ കാരണമുണ്ടായ വയറിളക്കം ബാധിച്ചാണ് ഇത്രയും പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. നഗരത്തിലെ അഞ്ഞൂറോളം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന വിവരം. നൂറിലേറെ പേര്‍ ആശുപത്രികളില്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളും ചൈനയില്‍നിന്ന് പുറത്തുവന്നിട്ടുണ്ട്.

വയറിളക്കം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും കുട്ടികളും മുതിര്‍ന്നവരുമാണ്. ചൈനയിലെ സമ്പന്ന നഗരങ്ങളില്‍ പോലും കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഏറെക്കാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്. അതിനാല്‍ തന്നെ പലയിടത്തും ജനങ്ങള്‍ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്.

രാജ്യത്തെ ഉള്‍പ്രദേശങ്ങളിളിലും കുടിവെള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ ജലവിഭവ മന്ത്രാലയം ഗ്രാമമേഖലകളിലെ ജലവിതരണ സംവിധാനങ്ങള്‍ നവീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

Exit mobile version