യുഎസിൽ ടിക് ടോക്ക് നിരോധിച്ചേക്കും; വിൽക്കാൻ നിർദേശിച്ച് ട്രംപ്; വാങ്ങാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ അമേരിക്കയിലെ തന്നെ കമ്പനികൾക്ക് വിൽക്കാൻ ഉടമകളായ ബൈറ്റ്ഡാൻസിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോക്കിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകൾക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാൾസ്ട്രീറ്റ് ജേണലും ബ്ലൂംബെർഗും റിപ്പോർട്ട് ചെയ്തു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകൾ അന്വേഷിക്കുന്ന അമേരിക്കൻ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് ഈ തീരുമാനം.

അതേസമയം, ടിക് ടോക്കിനെ വാങ്ങാൻ മൈക്രോസോഫ്റ്റ് ചർച്ചകൾ നടത്തി വരികയാണെന്ന് ഫോക്‌സ്‌ന്യൂസും റിപ്പോർട്ട് ചെയ്തു. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

‘ടിക് ടോക്കിനെ നിരീക്ഷിച്ചുവരികയാണ്. ചിലപ്പോൾ ഞങ്ങൾ നിരോധിച്ചേക്കും. അല്ലെങ്കിൽ മറ്റു നടപടികൾ കൈകൊണ്ടേക്കാം’ ട്രംപ് റിപ്പോർട്ടുകളോട് പ്രതികരിച്ചു. ടിക് ടോക്ക് അടക്കമുള്ള നൂറിലധികം ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ ഒരു മാസത്തിനിടെ നിരോധിച്ചിട്ടുണ്ട്.

Exit mobile version