ബ്രിട്ടനിൽ വിജയം കണ്ടു; കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡക്‌സമെത്തസോൺ ഉപയോഗിക്കാം; കേന്ദ്രത്തിന്റെ അനുമതി

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ബ്രിട്ടനിൽ വിജയകരമായി ഉപയോഗിച്ച ഡെക്‌സമെത്തസോൺ മരുന്ന് ഇന്ത്യയിലും ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി. തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് മിഥൈൽപ്രെഡ്‌നിസൊളോൺ എന്ന മരുന്നിനു പകരം ഡെക്‌സമെത്തസോൺ ഉപയോഗിക്കാനാണ് കേന്ദ്രം അനുമതി നൽകിയത്. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോൺ.

ഈ മരുന്ന് ബ്രിട്ടനിൽ നടത്തിയ പരീക്ഷണങ്ങളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ പോലും ഫലപ്രദമായിരുന്നു. കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡെക്‌സമെത്തസോൺ സഹായിക്കുമെന്ന് കണ്ടെത്തിയതിനു പിന്നാലെ ഡെക്‌സമെത്തസോൺ ഉത്പാദനം വർധിപ്പിക്കണമെന്ന ആഹ്വാനം ലോകാരോഗ്യസംഘടന നടത്തുകയും ചെയ്തിട്ടുണ്ട്. വീക്കം കുറയ്ക്കാൻ ഉപയോഗിക്കുന്ന ഡെക്‌സമെത്തസോൺ കഴിഞ്ഞ 60 വർഷത്തിലധികമായി വിപണിയിൽ ലഭ്യമാണ്.

അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടായിരത്തോളം കൊവിഡ് രോഗികൾക്ക് ഡെക്‌സമെത്തസോൺ നൽകിക്കൊണ്ട് ഓക്‌സ്‌ഫോർഡ് സർവകലാശാല നടത്തിയ പരീക്ഷണത്തിലും മരുന്ന് വിജയകരമായിരുന്നു. ഈയടുത്ത് നടത്തിയ ഗവേഷക സംഘത്തിന്റെ പഠനത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രം ശ്വസിക്കാൻ കഴിഞ്ഞിരുന്ന ഇവരിൽ മരണനിരക്ക് 35% കുറഞ്ഞതായി കണ്ടെത്തുകയും ചെയ്തിരുന്നു. തീവ്രമോ ഗുരുതരമോ ആയ രോഗമുള്ളവർക്ക് സൂക്ഷ്മ വൈദ്യനിരീക്ഷണത്തിനു കീഴിൽ മാത്രമേ ഡെക്‌സമെത്തസോൺ നൽകാൻ പാടുള്ളൂവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version