കൊവിഡിനെ തടയുന്ന ആന്റിബോഡികൾ തിരിച്ചറിഞ്ഞു; വാക്‌സിൻ നിർമ്മാണം ഇനി വേഗത്തിലാകും; ലോകത്തിന് പ്രതീക്ഷ

ബീജിങ്: കൊവിഡ് പരത്തുന്ന സാർസ് കോവ്2 വൈറസിനെ തടയുന്ന ആന്റിബോഡികൾ തിരിച്ചറിഞ്ഞതായി ചൈനീസ് ഗവേഷകരുടെ അവകാശവാദം. കൊവിഡ്19 ഭേദമായ ആളുടെ രക്തത്തിൽനിന്നാണ് ഗവേഷകർ ആന്റിബോഡികൾ വേർതിരിച്ചത്. ഈ ആന്റിബോഡികൾ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്.

കണ്ടെത്തിയ രണ്ട് ആന്റിബോഡികളുടെ ഒന്നിച്ചുള്ള പ്രവർത്തനം വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഇതുമൂലം വൈറസിന് കോശങ്ങൾക്കുള്ളിലേക്ക് കടന്നുകയറാൻ സാധിക്കാതെ വരുന്നുവെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കാനുള്ള ലഘുവായ തന്മാത്രാ ഘടനയുള്ള ആന്റി വൈറൽ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ കണ്ടുപിടുത്തം പ്രയോജനം ചെയ്യും. രണ്ട് ആന്റിബോഡികളാണ് ഇവർ വേർതിരിച്ചെടുത്തിരിക്കുന്നത്. ബി38, എച്ച്4 എന്നിങ്ങനെയാണ് ഇവയ്ക്ക് ഗവേഷകർ പേരിട്ടിരിക്കുന്നത്. ചൈനീസ് അക്കാഡമി ഓഫ് സയൻസിലെ ഗവേഷരാണ് പഠനത്തിന് പിന്നിൽ.

Exit mobile version