കൊവിഡ് മറയാക്കി വംശീയതയും മനുഷ്യാവകാശ ലംഘനങ്ങളും നടപ്പാക്കുന്നു; ലോകരാജ്യങ്ങൾക്ക് എതിരെ യുഎൻ

ന്യൂയോർക്ക്: ലോകത്തെ തന്നെ കൊവിഡ് ഭയപ്പെടുത്തുന്നതിനിടെ ലോക രാജ്യങ്ങളെ വിമർശിച്ച് ഐക്യരാഷ്ട്രസഭാ തലവൻ അന്റണിയോ ഗുട്ടറസ്. കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രത്യേക സാഹചര്യം ആഗോളതലത്തിൽ തന്നെ മനുഷ്യാവകാശങ്ങൾ ഹനിക്കുന്നതിനുള്ള അവസരമാക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം മുതലെടുത്ത് ചില രാജ്യങ്ങളിൽ വൻ തോതിൽ ജനങ്ങൾക്കുമേൽ അടിച്ചമർത്തൽ നടപടികൾ നടപ്പാക്കുന്നുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങളുടേതായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ യുഎൻ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

മഹാമാരി ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയെ മറികടക്കുന്നതിന് മനുഷ്യാവകാശങ്ങൾ മുൻനിർത്തി ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നതാണ് യുഎൻ റിപ്പോർട്ട്.

കൊറോണ വൈറസ് വ്യാപനത്തിൽ വിവേചനങ്ങളില്ലെങ്കിലും അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾ മൂലം വിവേചനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. മഹാമാരി മൂലം ചിലയിടത്ത് ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ച് വലിയതോതിലുള്ള വിദ്വേഷ പ്രസംഗങ്ങൾ, ആരോഗ്യ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന സുരക്ഷാ വെല്ലുവിളികൾ തുടങ്ങിയവയൊക്കെ ഉയർന്നുവരുന്നതായും ഗുട്ടറസ് പറഞഅഞു.

കുടിയേറ്റക്കാർ, അഭയാർഥികൾ, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളാണ് ഈ സാചര്യത്തിൽ കൂടുതലായി പ്രയാസങ്ങൾ അനുഭവിക്കുന്നത്. ലോകത്ത് 131 രാജ്യങ്ങൾ അതിർത്തികൾ അടച്ചിട്ടുണ്ട്. ഇതിൽ 30 രാജ്യങ്ങൾ മാത്രമാണ് മേൽപറഞ്ഞ വിഭാഗങ്ങൾക്ക് ഇളവുകൾ നൽകിയിട്ടുള്ളത്. പലയിടത്തും പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും അപകടനിലയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വംശീയതയിൽ അധിഷ്ഠിതമായ ദേശീയത, വ്യക്തികേന്ദ്രീകൃതമായ അധികാരക്രമം, മനുഷ്യാവകാശങ്ങൾക്കുള്ള തിരിച്ചടി തുടങ്ങിയവയൊക്കെ പല രാജ്യങ്ങളിലും വർധിച്ചുവരുന്നു. അമിതാധികാരം പ്രയോഗിക്കാനുള്ള അവസരമായി ചില രാജ്യങ്ങൾ മഹാമാരിയെ ഉപയോഗിക്കുന്നെന്നും അത് അംഗീകരിക്കാനാവില്ലെന്നും ഒരു രാജ്യത്തിന്റേയും പേരെടുത്ത് പറയാതെ ഗുട്ടറസ് വിമർശിച്ചു.

Exit mobile version