എച്ച്‌ഐവിയുടെ മരുന്ന് കൊവിഡ് 19ന് ഫലപ്രദമല്ല; രോഗികൾക്ക് നൽകിയത് പാർശ്വ ഫലങ്ങൾ മാത്രമെന്ന് ഗവേഷകർ

ന്യൂഡൽഹി: ഇന്ത്യയിൽ ഉൾപ്പടെ പല രാജ്യങ്ങളിലും കൊവിഡ് 19 രോഗത്തിന്റെ ചികിത്സയ്ക്കായി എച്ച്‌ഐവി ചികിത്സയ്ക്കുള്ള മരുന്ന് നൽകിയിരുന്നു. എന്നാൽ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എച്ച്‌ഐവിക്ക് എതിരെയുള്ള മരുന്ന് കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ പലയിടങ്ങളിലും ഉപയോഗിച്ചിരുന്നു, അതുകൊണ്ടുതന്നെ പുതിയ പഠനം നിരാശ സമ്മാനിച്ചിരിക്കുകയാണ് ലോകത്തിന്.

എച്ച്‌ഐവിക്ക് എതിരായ മരുന്നുകളായ ലോപിനാവിർ-റിട്ടോനാവിർ എന്നീ മരുന്നുകളുടെ സംയുക്തവും ആർബിഡോൾ എന്ന മരുന്നുമാണ് ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവ കോവിഡിനെതിരെ ഫലപ്രദമല്ലെന്ന് ചൈനീസ് ഗവേഷകർ പറയുന്നു. ഗ്വാങ്ഷൂ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ലിങ്ഗ്വാ ലീ, ഷിയോങ് ഡെങ്, ഫുഷുൻ ഴാങ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. മെഡിക്കൽ ജേണൽ ആയ ‘മെഡ്’ൽ ആണ് ഇവരുടെ പഠനം പസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച 86 രോഗികളിലാണ് മരുന്നിന്റെ പരീക്ഷണം നടന്നത്. 34 പേർക്ക് ലോപിനാവിർറിട്ടോനാവിർ മരുന്നുകളുടെ സംയുക്തവും 35 പേർക്ക് ആർബിഡോളും നൽകി. 17 പേർക്ക് മരുന്നുകളൊന്നും നൽകിയില്ല. മൂന്നു വിഭാഗത്തിൽപ്പെട്ട രോഗികളിലും ഏഴാം ദിവസവും 14ാം ദിവസവും ഒരേ ആരോഗ്യസ്ഥിതിയാണ് കാണാനായത്. മരുന്ന് ഉപയോഗിച്ച രോഗികളിൽ കൊവിഡ് ലക്ഷണങ്ങളിൽ കുറവുകളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഉപയോഗിച്ച മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉള്ളതായി പഠനത്തിൽ വ്യക്തമാകുകയും ചെയ്തു. മരുന്ന് ഉപയോഗിച്ച രോഗികളിൽ വയറിളക്കം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഉണ്ടായി. മരുന്ന് ഉപയോഗിക്കാത്തവരിൽ ഇവയൊന്നും ഉണ്ടായില്ലെന്നും പഠനം പറയുന്നു.

Exit mobile version