‘ഞാന്‍ കുറച്ചു കൂടുതല്‍ പണം പേഴ്‌സില്‍ വയ്ക്കുന്നു, പേഴ്‌സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഈ പണം ഉപയോഗിക്കാം’ ; വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു..! തിരികെ ലഭിച്ചപ്പോള്‍ ഇരട്ടി പണം

ഒമാഹ: ഇതെന്തൊരു അത്ഭുതം… എല്ലാവരും അമ്പരന്ന് നോക്കി, വിമാനയാത്രക്കിടെ നഷ്ടപ്പെട്ടു പോയ പേഴ്‌സ് തിരിച്ച് കിട്ടിയപ്പോള്‍ പേഴ്‌സിനകത്ത് കൂടുതല്‍ കാശ്. സഹോദരിയുടെ വിവാഹത്തിനായാണ് ഹണ്ടര്‍ ഷാമത്ത് എന്നയാള്‍ അമേരിക്കയിലെ ഒമാഹയില്‍ നിന്നും ലാസ് വെഗാസില്‍ വിമാനമിറങ്ങിയത്. എന്നാല്‍ ഇവിടെ ഇറങ്ങിയ ശേഷമാണ് തന്റെ പേഴ്‌സ് നഷ്ടമായ വിവരം അയാള്‍ അറിഞ്ഞത്.

വിമാനയാത്രക്കിടെയാകാം തന്റെ പേഴ്‌സ് നഷ്ടപ്പെട്ടതെന്ന് വിശ്വസിച്ച അദ്ദേഹം ഉടന്‍ തന്നെ വിമാന കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇനി ഒരിക്കലും പേഴ്‌സ് തിരികെ ലഭിക്കില്ലെന്ന് കരുതി ഇദ്ദേഹം സഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരികെ മടങ്ങുവാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഐഡന്റിറ്റി കാര്‍ഡ് കൈവശമില്ലാതിരുന്നതിനാല്‍ മടക്കയാത്ര സാധ്യമാകുമോ എന്ന സംശയമായി. എന്നാല്‍ ഹണ്ടറിന്റെ അവസ്ഥ കണ്ട അധികൃതര്‍ അയാളെ പോകാന്‍ അനുവധിച്ചു.

തിരികെ വീട്ടില്‍ എത്തി ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഹണ്ടറിനെ തേടി ഒരു കൊറിയര്‍ എത്തി. കൊറിയറിനകത്ത് ഒരു കുറിപ്പും ഉണ്ടായിരുന്നു.

‘ഹണ്ടര്‍, ഈ പേഴ്‌സ് ഒമാഹയില്‍ നിന്നും ഡെന്‍വെറിലേക്കുള്ള വിമാനയാത്രക്കിടയില്‍ എനിക്ക് ലഭിച്ചതാണ്. അത് നിങ്ങള്‍ക്ക് തിരികെ നല്‍കുന്നു. ഞാന്‍ കുറച്ചു കൂടുതല്‍ പണം പേഴ്‌സില്‍ വയ്ക്കുന്നു. പേഴ്‌സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തില്‍ നിങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഈ പണം ഉപയോഗിക്കാം. നന്ദി’ എന്നായിരുന്നു കുറിപ്പിലെ വരികള്‍.

പണമായി 60 ഡോളറും 400 ഡോളറിന്റെ ചെക്കും ബാങ്ക് കാര്‍ഡും ഐഡന്റിറ്റി കാര്‍ഡുമായിരുന്നു പേഴ്‌സിലുണ്ടായിരുന്നത്. എന്നാല്‍ അതിന്റ ഡബ്ബിള്‍ പണമായിരുന്നു പേഴ്‌സ് ലഭിക്കുമ്പോള്‍ അവര്‍ വച്ചിരുന്നത്.

ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്‌സ് തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹണ്ടറും കുടുംബവും. മാത്രമല്ല പേഴ്‌സ് തിരികെ നല്‍കിയയാളോട് മനസ് നിറഞ്ഞ നന്ദിയും ഹണ്ടര്‍ അറിയിച്ചു. ഈ കുറിപ്പിന്റെ ചിത്രം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Exit mobile version