കോവിഡ് 19: ചൈനയ്ക്ക് ‘ലോട്ടറി’; ഒരുമാസം കൊണ്ട് 11,000 കോടിയുടെ വരുമാനം

ബീജിംഗ്: ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച് ഇന്ന് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തുകയാണ് കൊറോണ വൈറസ്. മൂവായിരത്തിലധികം ജീവനുകളാണ് ചൈനയില്‍ നിന്നും കൊറോണ വൈറസ് കവര്‍ന്നത്. അതേസമയം, മഹാമാരിയ്ക്ക് മുന്നില്‍ ആദ്യം പകച്ചുനിന്ന ചൈന അതിജീവനത്തിന്റെ പാതയിലാണ്.

കൂടാതെ, കൊറോണ കാരണം ചൈന വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോവിഡിനെതിരായ യുദ്ധസമാന സാഹചര്യത്തില്‍ 1.45 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന മുന്നേറ്റമാണ് ചൈന നടത്തിയിരിക്കുന്നത്. ലോകം ഒന്നടങ്കം കൊറോണയില്‍ വിയര്‍ക്കുമ്പോള്‍ ചൈന കയറ്റുമതിയില്‍ അതിവേഗം കുതിക്കുകയാണ്.

യൂറോപ്പും അമേരിക്കയും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്. ഈ അവസരമാണ് ചൈനയ്ക്ക് അനുഗ്രഹമായിരിക്കുന്നത്.

കോടിക്കണക്കിന് മാസ്‌കുകള്‍, ലക്ഷക്കണക്കിന് സുരക്ഷാ കവചങ്ങളും ഇന്‍ഫ്രാറെഡ് താപ പരിശോധന ഉപകരണങ്ങള്‍ 16,000 വെന്റിലേറ്ററുകള്‍ എന്നിവയാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കാലത്ത് മാത്രം ചൈന വിദേശത്തേക്ക് കയറ്റി അയച്ചിരിക്കുന്നത്. ചൈനയിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

Exit mobile version