ആയുധത്തിന് വേണ്ടിയല്ല, കൊറോണ കാലത്ത് മാസ്‌കിന് വേണ്ടി തമ്മിൽ തല്ലി ലോക രാഷ്ട്രങ്ങൾ; മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തെന്ന് ജർമ്മനി

ബെർലിൻ: കൊറോണ വൈറസ് വ്യാപനം തടയാനാകാതെ ലോകത്തെ മഹാസാമ്പത്തിക ശക്തികളായ രാജ്യങ്ങളൊക്കെ പകച്ചു നിൽക്കുന്നതിനിടെ സുരക്ഷാ ഉപകരണങ്ങളുടെ പേരിൽ തർക്കം മുറുകുന്നു. വൈറസ് പടരുന്നത് തടയാൻ സോഷ്യൽ ഡിസ്റ്റൻസിങും മാസ്‌ക് ഉപയോഗവുമാണ് നിർദേശിക്കുന്നത്. ഇതിനെ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ആശയക്കുഴപ്പങ്ങൾ തുടരുകയാണ്. ചൈന ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങൾ നേരത്തെ മാസ്‌ക് ഉപയോഗം വ്യാപമാക്കിയിരുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നില്ല. രോഗം ഇല്ലാത്തവർ മാസ്‌ക് ധരിക്കേണ്ടെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു

എന്നാൽ, മാസ്‌കുകൾ ധരിക്കേണ്ടത് രോഗവ്യാപനത്തെ തടയാൻ അത്യാവശ്യമാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇതോടെ, മാസ്‌കുകളുടെ പേരിൽ ലോകരാജ്യങ്ങൾ ഏറ്റുമുട്ടുകയാണ്. രണ്ട് ലക്ഷത്തോളം എൻ95 മാസ്‌കുകൾ അമേരിക്ക തട്ടിയെടുത്തെന്ന ആരോപണവുമായി ജർമ്മനി രംഗത്തെത്തി. ജർമ്മനിയിലേക്ക് മാസ്‌കുകൾ കൊണ്ടുപോവുകയായിരുന്ന മാസ്‌കുകൾ ബാങ്കോക്കിൽ വിമാനം തടഞ്ഞുനിർത്തി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നാണ് ജർമ്മനി ആരോപിക്കുന്നത്.

കുറച്ചുനാൾ മുമ്പുവരെ ആയുധങ്ങൾ ശേഖരിക്കുന്നതിന്റെ പേരിൽ തമ്മിൽതല്ലിയിരുന്നവർ ഇപ്പോൾ, കൊവിഡ്19 പടരുമ്പോൾ മെഡിക്കൽ ഉപകരണങ്ങൾ സ്വന്തമാക്കാനായി അന്താരാഷ്ട്ര വിപണിയിൽ വൻ മത്സരമാണ് നടക്കുന്നത്. അതിനിടെയാണ് ജർമ്മനിയുടെ ആരോപണം. ചൈനയിൽ നിന്ന് കൊണ്ടുവന്ന മാസ്‌ക് അമേരിക്ക തട്ടിയെടുത്തെന്നാണ് ആരോപണം. ഫ്രാൻസും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

അമേരിക്കയുടേത് ആധുനിക കാലത്തെ കൊള്ളയാണെന്ന് ബെർലിൻ സംസ്ഥാന ആഭ്യന്തര മന്ത്രി ആൻഡ്രിയാസ് ജിസെൽ പറഞ്ഞു. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

3എം എന്ന അമേരിക്കൻ കമ്പനിക്ക് വേണ്ടി ഒരു ചൈനീസ് കമ്പനിയാണ് മാസ്‌കുകൾ നിർമ്മിച്ച് നൽകുന്നത്. ജർമനിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും ബെർലിനിൽ നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടില്ലെന്നും 3എം അറിയിച്ചു.

മാസ്‌കുകൾ കിട്ടിയ ശേഷം പണം നൽകാമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ അമേരിക്ക പണം നൽകി മാസ്‌കുകൾ കൊണ്ടുപോവുകയായിരുന്നെന്നും ജർമ്മൻ അധികൃതർ പറയുന്നു. അമേരിക്ക ഇരട്ടിയിലധികം വില നൽകി അന്താരാഷ്ട്ര വിപണിയിൽ നിന്ന് എല്ലാം വാങ്ങിക്കൂട്ടുകയാണെന്ന് ഫ്രാൻസും ആരോപിച്ചു.

മാസ്‌ക് ഉപയോഗിച്ചതുകൊണ്ട് രോഗം തടയാനാവില്ലെന്നായിരുന്നു നേരത്തെ അമേരിക്ക പറഞ്ഞിരുന്നത്. എന്നാൽ രോഗികളുടെ എണ്ണത്തിൽ കുതിപ്പ് ഉണ്ടായതോടെയാണ് ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കണമെന്ന നിർദേശം അമേരിക്കയിൽ വെള്ളിയാഴ്ച പുറത്തിറക്കിയത്.

Exit mobile version