ഗുരുതരാവസ്ഥയിൽ ആയിട്ടും ആകെയുള്ള ശ്വസന സഹായി സ്വീകരിക്കാതെ യുവരോഗിക്ക് നൽകാൻ ആവശ്യപ്പെട്ട് വൈദികൻ; ജീവത്യാഗത്തിന് മുന്നിൽ കണ്ണീരണിഞ്ഞ് ഡോക്ടർമാർ

മിലാൻ: ഇറ്റലിയിലെ കൊറോണ മരണങ്ങൾ ലോകത്തെ തന്നെ നീറ്റുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഒരു സഹായ ഹസ്തം പോലും നീട്ടാൻ ആർക്കും സാധിക്കാത്ത സാഹചര്യമാണ് ലോകമെമ്പാടുമുള്ളത്. ഇതിനിടെ ഇറ്റലിയിൽ നിന്നും എത്തിയ ഒരു ജീവത്യാഗത്തിന്റെ വാർത്ത ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തെ നോവിക്കുകയാണ്.

ഡോക്ടർമാർ നൽകിയ ശ്വസന സഹായി തന്നേക്കാൾ ആവശ്യം മറ്റൊരു രോഗിക്കാണെന്ന് പറഞ്ഞ് അത് വിട്ടുനൽകി മരണത്തെ പുൽകിയിരിക്കുകയാണ് ഇറ്റലിയിലെ കോവിഡ് 19 ബാധിതനായ ഒരു പുരോഹിതൻ. 72കാരനായ ഡോൺ ഗിസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസന സഹായി നൽകി സ്വയം മരണം തെരഞ്ഞെടുത്തത്. വാർധക്യത്തിലുള്ള തന്നേക്കാളും ആ ശ്വസന സഹായി ഒരു യുവാവിനാണ് ആവശ്യമെന്ന് ഒരു പക്ഷെ ഡോൺ ഗിസെപ്പെ കരുതിയിരുന്നിരിക്കണം.

ഡോൺ മിലാനിലെ കാസ്‌നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനാണ്. കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ശ്വാസമെടുക്കാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. ഇത് ശ്രദ്ധയിൽ പെട്ട ഡോക്ടർമാർ അദ്ദേഹത്തിന് ശ്വസനസഹായി നൽകി. എന്നാൽ അത് സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും, പകരം, അസുഖം മൂർച്ഛിച്ച് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നൽകാൻ അദ്ദേഹം ഡോക്ടർമാരോട് പറയുകയായിരുന്നു. ഏറെ താമസിയാതെ ഡോൺ മരണപ്പെടുകയും ചെയ്തു.

Exit mobile version