സാർസിനേക്കാൾ ജീവനെടുത്ത് കൊറോണ; ചൈനയിൽ മരണസംഖ്യ 811 ആയി; ഒരു ദിവസം 89 മരണം

ബീജിങ്: 24 മണിക്കൂറിനുള്ളിൽ ചൈനയിൽ കൊറോണ ബാധിച്ച് 89 മരണം. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി ഉയർന്നു. 2003ലെ സാർസ് ബാധയേക്കാൾ കൂടുതൽ അപകടകാരിയായി കൊറോണ മാറിയിരിക്കുകയാണ്. സാർസ് ബാധിച്ച് ലോകമെമ്പാടുനിന്നും 774 ആളുകളാണ് മരിച്ചത്.

അതേസമയം, കൊറോണ ബാധിച്ച് ഇന്നലെ മാത്രം 89പേർ മരിച്ചു. 37,198പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനത്തെ കാസർകോട് ജില്ലയിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് അവലോകനം യോഗം ചേരും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ രാവിലെ 11 ന് ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലാണ് യോഗം ചേരുക. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ 101 പേരാണ് നിലവിൽ കാസർകോട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

Exit mobile version