തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ 61 പേർക്ക് കൊറോണ; 3700 യാത്രക്കാരിൽ ആറ് ഇന്ത്യക്കാർ

ന്യൂഡൽഹി: കൊറോണ പടർന്നുപിടിക്കുന്നതിനെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് ആഢംബര കപ്പലിൽ കൂടുതൽ പേർക്ക് കൊറോണ ബാധ. 61 പേർക്ക് കൊറോണ ബാധിച്ചെന്നാണ് സൂചന. 273 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 61 പേരിൽ കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലെ 3700 യാത്രക്കാരും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഇന്ത്യക്കാർ ആരുമില്ല. അതിനിടെ, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.

നേരത്തെ, ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിലെ പത്ത് യാത്രക്കാർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കപ്പലിലെ നാലായിരത്തോളം വരുന്ന സഞ്ചാരികളേയും ജീവനക്കാരേയും ക്വാറന്റൈൻ ചെയ്യുകയായിരുന്നു. ആരെയും തീരത്തിറങ്ങാൻ അനുവദിച്ചിട്ടില്ല. ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകൾ പരിശോധിച്ചത്. കഴിഞ്ഞ മാസം ഇതേ കപ്പലിൽ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എൺപതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നതുമില്ല. എന്നാൽ ജനുവരി 25ന് ഹോങ്കോങിൽ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു.

Exit mobile version