വുഹാനിൽ കൊറോണ ബാധ തിരിച്ചറിഞ്ഞ് ആദ്യമായി ലോകത്തിന് മുന്നറിയിപ്പ് നൽകിയതിന് ചൈനീസ് സർക്കാർ പിടിച്ച് തടവിലിട്ടു; ഒടുവിൽ ഡോ.ലീ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങി

ബീജിങ്: സാർസ് വിഭാഗത്തിൽപ്പെട്ട കൊറോണ വൈറസ് വുഹാനിൽ പടർന്നുപിടിക്കുന്നെന്ന് തിരിച്ചറിഞ്ഞ് ആദ്യമായി മുന്നറിയിപ്പ് നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു. ചൈനീസ് ഡോക്ടർ ലീ വെൻലിയാ(34)ങ്ങാണ് മരിച്ചത്. ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു.

കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ നഗരമായ വുഹാനിലെ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. കഴിഞ്ഞവർഷം ഡിസംബറിലാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കൊറോണ ബാധ ആരംഭിച്ചത്. ഇത് തിരിച്ചറിഞ്ഞ ലീ ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിൽ ലീ പങ്കുവെക്കുകയായിരുന്നു. ലീയ്‌ക്കൊപ്പം വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ആ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ഇതിനെ തുടർന്ന് ലീ ഉൾപ്പെടെ എട്ടു ഡോക്ടർമാരാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ലോകത്തോട് തന്നെ ആദ്യമായി വിളിച്ചുപറഞ്ഞത്.

പ്രാദേശിക സീ ഫുഡ് മാർക്കറ്റിൽനിന്നുള്ള ഏഴ് രോഗികൾ സാർസിനു സമാനമായ രോഗത്തെ തുടർന്ന് തന്റെ ആശുപത്രിയിൽ ക്വാറന്റൈനിൽ ഉണ്ടെന്നായിരുന്നു ലീയുടെ സന്ദേശം. അസുഖത്തിന് കാരണം കൊറോണ വൈറസാണെന്ന് പരിശോധനാ ഫലത്തിൽനിന്ന് മനസിലാക്കാൻ സാധിച്ചുവെന്നും ലീ വ്യക്തമാക്കിയിരുന്നു. കൂടാതെ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകാനും ലീ ഗ്രൂപ്പിലെ സുഹൃത്തുക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഈ സന്ദേശവും ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും വ്യാപകമായി ചൈനയിലും ചൈനയ്ക്ക് പുറത്തും വ്യാപിച്ചതോടെയാണ് ആളുകൽ ജാഗരൂകരമായത്. ഈ സന്ദേശത്തിലൊന്നും ലീയുടെ പേര് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടർന്ന് അപവാദ പ്രചരണത്തിന് ലീ അറസ്റ്റിലാകുകയും ചെയ്തിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ ചൈനീസ് സർക്കാരിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു.

Exit mobile version