വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പാകിസ്താൻ ആവശ്യപ്പെട്ടാൽ രക്ഷിക്കുമെന്ന് ഇന്ത്യ; ചൈനീസ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരൻ

ന്യൂഡൽഹി: കൊറോണ പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികളെ പാകിസ്താൻ ആവശ്യപ്പെട്ടാൽ രക്ഷിക്കാൻ തയ്യാറാണെന്ന് ഇന്ത്യ. പാകിസ്താൻ സർക്കാർ ആവശ്യപ്പെട്ടാൽ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ചൈനയിലെ കുംനിങ് വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഇന്ത്യ അടിയന്തരമായി നാട്ടിലെത്തിക്കും. ബീജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് കേന്ദ്രമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ നിർദേശം നൽകി.

കൊറോണ ഭീതിയെത്തുടർന്ന് ചൈനയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ തിരിച്ച 21 മെഡിക്കൽ വിദ്യാർത്ഥികളാണ് കുംനിങ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഡാലിയൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണിവർ. സിംഗപ്പുർ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവർ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ, ബോർഡിങ് സമയത്താണ് ചൈനയിൽനിന്നുള്ള വിദേശികൾക്ക് സിംഗപ്പൂരിൽ വിലക്കുള്ള കാര്യം വിദ്യാർത്ഥികൾ അറിയുന്നത്. യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതരും നിലപാടെടുത്തു. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ അധികൃതർ വിദ്യാർത്ഥികൾക്ക് മടങ്ങാൻ അനുമതി നൽകിയത്. അതിനാൽ തന്നെ, എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയായിരുന്നു വിദ്യാർത്ഥികൾ.

Exit mobile version