ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ബീജിങ്: ലോകത്തിന് തന്നെ കണ്ണീരായി മാറിയിരിക്കുകയാണ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ജനിച്ച ഈ പിഞ്ചുകുഞ്ഞ്. പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളിൽ ഈ കുഞ്ഞിന് ലോകം ഭയക്കുന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതുവരെയുള്ളതിൽ വെച്ച് കൊറോണ ബാധ സ്ഥിരീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞ്. ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്.

ഗർഭാവസ്ഥയിലോ, ജനിച്ചതിന് തൊട്ടുശേഷമോ ആകാം കുഞ്ഞിന് വൈറസ് ബാധയുണ്ടായതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രസവിക്കുന്നതിന് മുമ്പേ, കുഞ്ഞിന്റെ അമ്മയുടെ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴിയാകാം കുഞ്ഞിന് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഡിസംബർ മാസം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയിൽ ഇതിനോടകം അഞ്ഞൂറോളം പേർക്കാണ് ജീവൻ നഷ്ടമായത്. ചൈനയ്ക്ക് പുറത്ത് കൊറോണ മൂന്നോളം ജീവനുകളാണ് കവർന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കേരളവും ജാഗ്രതയിലാണ്. സംസ്ഥാന ദുരന്തമായി കൊറോണയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Exit mobile version