വിശ്രമമില്ലാതെ 24 മണിക്കൂറും രോഗികളെ ചികിത്സിച്ചും പരിചരിച്ചും ഡോക്ടർമാർ; അക്രമസക്തരായി രോഗികൾ; വുഹാനിൽ ഗുരുതരാവസ്ഥ

ബീജിങ്: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ടുകൾ. രോഗം നിയന്ത്രണാതീതമായി പടരുകയും നിരവധി ജീവനുകൾ അപഹരിക്കുകയും ചെയ്തതോടെ ജീവൻ പണയം വെച്ചാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും രോഗികളെ പരിശോധിക്കുന്നത്. വുഹാനിൽ രാവും പകലും വിശ്രമമില്ലാതെ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്‌സുമാരും സാധാരണ കാഴ്ചയായി മാറുകയാണ്. ഇത്രയേറെ കഷ്ടപ്പാട് അനുഭവിച്ച് തങ്ങളുടെ കടമ ചെയ്യുമ്പോഴും രോഗികൾ അക്രമാസക്തരാകുന്നതിന്റെ ഇരകളാവുകയാണ് ആരോഗ്യ പ്രവർത്തകർ. തങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന ജനക്കൂട്ടമാണ് പലയിടത്തുമുള്ളതെന്ന് വുഹാനിലെ ഡോക്ടർമാർ പറയുന്നു.

മാസ്‌ക് ഉൾപ്പടെയുള്ള മതിയായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തത്തിന് പിന്നാലെയാണ് രോഗികളുടെ ഭാഗത്തുനിന്നുള്ള ആക്രോശവും ആക്രമണവുമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. വുഹാൻ ആശുപത്രിയിലെ ഒരു ഡോക്ടർ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം വീടുകളിൽ പോവുകയോ വിസ്രമിക്കുകയോ ചെയ്തിട്ടില്ല. ദിവസവും 150 ലേറെ രോഗികളെ പരിചരിക്കുന്ന ഇദ്ദേഹം ഷിഫ്റ്റ് പോലും നോക്കാതെയാണ് രോഗികളെ ചികിത്സിക്കുന്നത്. ചികിത്സ തേടിയെത്തുന്നവർക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും പലപ്പോഴും മണിക്കൂറുകൾ വരിനിന്നാണ് അവർക്ക് ചികിത്സാസൗകര്യം ലഭ്യമാകുന്നതെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

‘ഈ സാഹചര്യത്തിൽ ചിലർ തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നത് തീർത്തും അപലപനീയമാണ്. മണിക്കൂറുകളോളം വരിനിന്ന ഒരു രോഗി ഞങ്ങളെ കുത്തിക്കൊല്ലുമെന്നാണ് പറഞ്ഞത്. ഇത് കേട്ടതോടെ ഞാൻ പരിഭ്രാന്തനായി. ഞങ്ങളെ കൊലപ്പെടുത്തിയതുകൊണ്ട് എങ്ങനെ നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും’ ഡോക്ടർ ചോദിച്ചു.

കഴിഞ്ഞദിവസം വുഹാനിലെ നാലാംനമ്പർ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. അതീവജാഗ്രത പാലിക്കേണ്ട ആശുപത്രിയിൽവെച്ച് അയാൾ ഡോക്ടറുടെ മാസ്‌കും മറ്റും വലിച്ചുകീറി. ആശുപത്രികളിലെല്ലാം ഉൾക്കൊള്ളാവുന്നതിന്റെ പരാമാവധി രോഗികൾ ജനുവരി മുതൽ തന്നെ ചികിത്സയിൽ ഉണ്ടെന്നും ഈ ഡോക്ടർ പറയുന്നു. ആവശ്യത്തിന് കിടക്ക പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലുള്ളതെന്ന് ഡോക്ടർ പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version