മകളെ കൊണ്ടുപോകാം, എന്നാൽ ചൈനീസ് വംശജയായ ഭാര്യയെ കൊണ്ടുപോകരുതെന്ന് സർക്കാർ; കുഴങ്ങിയത് ബ്രിട്ടീഷ് പൗരൻ

ബീജിങ്: ഖൊറോണ വൈറസ് ജീവനുകൾ അപഹരിക്കുന്നതിനിടെ തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് രക്ഷിച്ച് സ്വന്തം രാജ്യത്തെത്തിക്കാൻ ശ്രമിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. ഇതിനിടെ ഭാര്യയെ ഉപേക്ഷിച്ച് പോകാനാകാതെ കണ്ണീരിലായിരിക്കുകയാണ് ചൈനിലെ ഒരു ബ്രിട്ടീഷ് പൗരൻ. ചൈനീസ് വംശജയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. അതുകൊണ്ടുതന്നെ ബ്രിട്ടനിലേക്ക് തിരിച്ച് പോകുമ്പോൾ ഭാര്യയെ കൊണ്ടുപോകാൻ ചൈനീസ് സർക്കാർ അനുമതി നൽകിയിട്ടില്ല. ഇതാണ് ഇദ്ദേഹത്തെ കുഴക്കുന്നത്.

ജനുവരി മുപ്പതിന് തങ്ങളുടെ പൗരന്മാരെ വുഹാനിൽ നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടൻ ഒടുവിലായി അറിയിച്ചിരിക്കുന്നത്. എന്നാൽ ജെഫ് സിഡിൽ എന്ന ബ്രിട്ടീഷ് പൗരന് ഭാര്യയെ തന്റെ കൂടെ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ജെഫിന്റെ ഭാര്യയ്ക്ക് ബ്രിട്ടനിൽ സ്ഥിരതാമസ വിസയുമുണ്ട്. അതിനാൽ ഭാര്യയെയും ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് ജെഫിന്റെ ആവശ്യം. ഒമ്പതുവയസുകാരിയായ മകളെ കൂടെകൂട്ടാൻ അനുമതി ലഭിച്ചെങ്കിലും ഭാര്യയ്ക്ക് യാത്രാ അനുമതി ലഭിച്ചിട്ടില്ല.

അധികൃതരുടെ കടുംപിടുത്തം കാരണം ഭാര്യയെ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയിലാണ് താനെന്ന് ജെഫ് പറയുന്നു. മകളെ അമ്മയിൽനിന്ന് വേർപ്പെടുത്തുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. എത്രകാലത്തേക്ക് ഇത് നീണ്ടുനിൽക്കുമെന്ന ആശങ്കയും ജെഫിനുണ്ട്. ബ്രിട്ടനിലേക്ക് കൊണ്ടുപോയാലും വുഹാനിൽ നിന്നെത്തുന്നവരെ രണ്ടാഴ്ചയോളം ഇവരെ സൈനിക ക്യാമ്പിൽ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നാണ് ബ്രിട്ടൺ അറിയിച്ചിരിക്കുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.

Exit mobile version