സുവർണ്ണാവസരം! ഇറ്റലിയിൽ വെറും 80 രൂപയ്ക്ക് വീട് വാങ്ങിക്കാം; കിടിലൻ ഓഫറുമായി ക്ഷണിച്ച് ഈ ഗ്രാമം

റോം: ഇറ്റലിയിൽ സ്വന്തമായി ഒരു വീട് വേണമെന്നൊക്കെ ആഗ്രഹിക്കുന്നവർക്ക് ഇതിലും ബെസ്റ്റ് ടൈം ഇനി ലഭിക്കാനില്ല. വെറും 80 രൂപയ്ക്ക് വീട് വിൽക്കാൻ തയ്യാറായിരിക്കുകയാണ് ഇറ്റലിയിലെ ഈ കൊച്ചു പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിൾസിൽ നിന്നും വെറും രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്. ഇവിടേയ്ക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വിൽക്കാൻ തയ്യാറായി വിനോദസഞ്ചാരികളേയും വിൽപ്പനക്കാരേയും ക്ഷണിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വിൽപ്പനയ്ക്കുള്ളതെന്നാണ് റിപ്പോർട്ട്.

വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോൾ ഭരണകൂടവും അംഗീകൃത വിൽപ്പനക്കാരുമാണ് കൈവശം വെച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും കൂട്ടി വീടുകൾ വാങ്ങാൻ വരൂ എന്നാണ് ബിസാക്കിയ മേയർ ഫ്രാൻസെസ്‌കോ ടാർട്ടാഗ്ലിയ പറയുന്നത്.

അതേസമയം, ബിസാക്കിയയിലെ വീടുകൾക്ക് എന്തുകൊണ്ടാണ് ഇത്രവിലക്കുറവ് എന്നറിയാമോ? അവിടെ താമസിക്കാൻ ആളില്ല എന്നതുതന്നെ കാരണം. ഗ്രാമത്തിലുണ്ടായിരുന്നവരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിയപ്പോൾ ജനങ്ങളില്ലാത്ത ആൾപ്പാർപ്പില്ലാത്ത വീടുകൾ മാത്രമുള്ള ഗ്രാമമായി ബിസാക്കിയ മാറുകയായിരുന്നു.

1980കൾ മുതൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ കാരണമാണ് ഇവിടെ താമസിച്ചിരുന്നവരിൽ മിക്കവരും പ്രദേശത്ത് നിന്ന് താമസംമാറിയത്. ഇതോടെ നഗരത്തിലെ ജനസംഖ്യ കുത്തനെ കുറഞ്ഞു. പക്ഷേ, വീട് വാങ്ങിക്കാൻ വരുന്നവർ ആഡംബര വീടുകളാണ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് വിചാരിച്ച് ഇങ്ങോട്ടേക്ക് വിമാനം കയറേണ്ട. തുടർച്ചയായ ഭൂകമ്പങ്ങൾ കാരണം മിക്ക കെട്ടിടങ്ങൾക്കും കേടുപാടുണ്ട്.

മാത്രമല്ല, കെട്ടിടങ്ങളെല്ലാം അറ്റകുറ്റപ്പണികൾ നടത്താതിനാൽ ജീർണാവസ്ഥയിലുമാണ്. വീടുകൾ വാങ്ങുന്നവർ അത് സ്വന്തംചെലവിൽ തന്നെ നവീകരിക്കണമെന്ന് വിൽപ്പനയ്ക്ക് മുമ്പ് പ്രത്യേകം പറയുന്നുമുണ്ട്. കേവലം ഒന്നര ലക്ഷത്തോളം രൂപയുടെ ബോണ്ട് സമർപ്പിച്ച് 80 രൂപയ്ക്ക് പക്ഷെ ഈ വീട് സ്വന്തമാക്കാം എന്നുള്ളതാണ് ആകർഷണീയം.

കഴിഞ്ഞവർഷം സംബൂക്ക ടൗണിലും സമാനരീതിയിൽ വീടുകൾ വിൽപ്പനയ്ക്ക് വെച്ചിരുന്നു. താമസക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെയാണ് സംബൂക്കയിലും വീടുകൾ വിറ്റഴിച്ചത്.

Exit mobile version