സുലൈമാനി വധം; അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അമേരിക്കയ്‌ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ച് തുടങ്ങിയിരിക്കുകയാണ് ഇറാന്‍.

5300 യുഎസ് സൈനികരാണ് ഇറാഖിലുള്ളത്. ഇറാഖില്‍ നിന്നും ഉടനടി പുറത്തുപോകാന്‍ അമേരിക്കന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അമേരിക്കന്‍ സൈന്യം ഉടനടി രാജ്യത്ത് നിന്നും പുറത്ത് പോകണമെന്ന് ഇറാഖ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അമേരിക്കന്‍ സൈന്യം ഇറാഖ് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അറിയിച്ചു. അമേരിക്കന്‍ സൈന്യത്തെ മേഖലയിലെ മറ്റു ഭാഗങ്ങളിലേക്ക് പുനക്രമീകരിക്കുന്നതായി ഇറാഖ് പ്രതിരോധ മന്ത്രാലയത്തെ യുഎസ് സൈനിക നേതൃത്വം രേഖാമൂലം അറിയിച്ചിരുന്നു. എന്നാല്‍ പെന്റഗണ്‍ നേതൃത്വം ഇക്കാര്യം നിഷേധിച്ചു.

ഇറാഖിന്റെ പരമാധികാരത്തെ മാനിക്കുന്നതായും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യം വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി. താവളത്തിന്റെ നഷ്ടപരിഹാരം ലഭിക്കാതെ രാജ്യം വിടില്ലെന്നും ഇറാഖിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ തലവനാണ് കൊല്ലപ്പെട്ട ഖാസിം സുലൈമാനി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിരുന്നു

Exit mobile version