റിക്രൂട്ട്‌മെന്റിനായി കേരളത്തിലെത്തിയത് പല തവണ : ഐഎസിലേക്ക് ആളെ ചേര്‍ക്കാന്‍ വന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സി

ISIS | Bignewslive

ന്യൂഡല്‍ഹി : ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായുള്ള (ഐഎസ്) ബന്ധത്തിന്റെ പേരില്‍ ബുധനാഴ്ച അറസ്റ്റിലായവര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പല തവണ കേരളത്തിലെത്തിയിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിവരം ലഭിച്ചു.

കേരളത്തിന് പുറമെ കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്തി ഐഎസിന്റെ ഇന്ത്യന്‍ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചാണ് ഇവര്‍ യുവാക്കളെ ആകര്‍ഷിച്ചിരുന്നത്.

കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റിലായ 4 പേര്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലടക്കം പല തവണ വന്നുപോയതായാണ് വിവരം. ഇവരെ ഇന്നലെ ചോദ്യം ചെയ്യലിനായി ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തെത്തിച്ചു.ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ മലയാളി മുഹമ്മദ് അമീന്‍ (അബു യഹിയ) ആണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന അമീന്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

തുടര്‍ന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച ഇയാള്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയൊരുക്കി. കശ്മീരിലുള്ള മുഹമ്മദ് വഖാര്‍ ലോണ്‍ (വില്‍സണ്‍ കശ്മീരി) എന്നയാളുമായി ചേര്‍ന്നാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിച്ചിരുന്നത്. അമീന്‍ പിടിയിലായതോടെ മറ്റുള്ളവരിലേക്കും അന്വേഷണം നീളുകയായിരുന്നു.

2016ല്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നരവയസ്സുള്ള മകനുമടക്കം 12 പേര്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃസഹോദരനാണ് ബുധനാഴ്ച മംഗളുരുവില്‍ അറസ്റ്റിലായത്.

Exit mobile version