ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും യുദ്ധഭീതിയില്‍; ചര്‍ച്ചാനിര്‍ദേശം തള്ളിയ ഇറാന്റെ നടപടിയില്‍ അതൃപ്തി

യുഎഇ: ഇറാഖിലെ ബലദ് സൈനിക താവളത്തില്‍ മിസൈല്‍ പതിച്ചത് ഗള്‍ഫ് മേഖലയെ വീണ്ടും ആശങ്കയിലാക്കുന്നു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി ഒഴിയുന്നില്ല. യുദ്ധസമാനമായ സാഹചര്യം ഒഴിവാക്കണമെന്ന് ഖത്തര്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ബുധനാഴ്ച നടത്തിയ നീക്കം തിരിച്ചടിയുടെ തുടക്കം മാത്രമാണെന്നാണ് ഇറാന്‍ മിസൈല്‍ കമാന്‍ഡര്‍ ആമീര്‍ അലി ഹാജിസാദെ നല്‍കിയ മുന്നറിയിപ്പ്. യുഎസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെയാണ് ലക്ഷ്യമിടുകയെന്നും ആമിര്‍ അലി ഹാജിസാദെ അറിയിച്ചു. പശ്ചിമേഷ്യയിലെ എല്ലാ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടത്തുമെന്നും മുന്നറിയിപ്പുണ്ട്.

മിസൈലുകളെല്ലാം സജ്ജമാണെന്നും കമാന്‍ഡര്‍ വ്യക്തമാക്കി.അതേസമയം, സമാധാന ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇറാന്‍ ഈ അഭ്യര്‍ത്ഥന തള്ളുകയായിരുന്നു. തിരിച്ചടിക്കുമെന്ന് തന്നെയായിരുന്നു ഇറാന്റെ നിലപാട്. എന്നാല്‍ ഇറാന്റെ നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മിക്ക ഗള്‍ഫ് രാജ്യങ്ങളും രംഗത്തെത്തി. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ആരും തയാറാകരുതെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി എന്നിവ സംബന്ധിച്ച് ഇറാന്‍ നയം പുന:പരിശോധിക്കണമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version