റഷ്യന്‍ സൈന്യം വീട്ടില്‍ : വീടിന് ബോംബിടാന്‍ സൈന്യത്തോടാവശ്യപ്പെട്ട് ഉക്രെയ്‌നിലെ അതിസമ്പന്നന്‍

കീവ് : റഷ്യക്കാര്‍ ബോംബ് സൂക്ഷിക്കാന്‍ തന്റെ വീട് ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ച് വീട് ബോംബിട്ട് തകര്‍ക്കാന്‍ സൈന്യത്തോടാവശ്യപ്പെട്ട് ഉക്രെയ്‌നിലെ അതിസമ്പന്നന്‍. ട്രാന്‍സ് ഇന്‍വെസ്റ്റ് സര്‍വീസ് സിഇഒ ആയ ആന്‍ഡ്രെ സ്‌ററാവ്‌നിറ്റസര്‍ ആണ് സ്വന്തം വീട് ബോംബിട്ട് തകര്‍ക്കാന്‍ ഉക്രെയ്ന്‍ സൈന്യത്തോടാവശ്യപ്പെട്ടത്.

അടുത്തിടെ നിര്‍മിച്ച കൂറ്റന്‍ വസതിയില്‍ റഷ്യന്‍ സൈനികര്‍ അതിക്രമിച്ച് കയറി സ്ഥലം സൈനിക നീക്കങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ആന്‍ഡ്രെ മനസ്സിലാക്കിയത്. തന്റെ വീടിനുള്ളില്‍ സൈനികര്‍ കയറിയിറങ്ങുന്നതും സൈനിക താവളമായി വീടുപയോഗിക്കുന്നത് വെറുപ്പുളവാക്കിയെന്നും ആന്‍ഡ്രെ പറയുന്നു. കീവ് ആക്രമിക്കാനായി തന്റെ വീട് ഉപയോഗിക്കുകയായിരുന്നു റഷ്യക്കാരുടെ നീക്കമെന്നും ഉക്രെയ്‌നിനെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ആന്‍ഡ്രെ അറിയിച്ചു.

“മറ്റ് വീടുകളില്‍ നിന്ന് കൊള്ളയടിച്ച ടിവിയും ഐപാഡുകളും സ്വകാര്യ വസ്തുക്കളുമെല്ലാം കൊണ്ട് അവര്‍ എന്റെ വീട് നിറച്ചിരിക്കുകയാണ്. റഷ്യന്‍ സൈനികര്‍ വീടിനുള്ളിലൂടെ ചുറ്റിക്കറങ്ങുന്നത് സഹിക്കാനാവുന്നില്ല. ഏകദേശം പന്ത്രണ്ടോളം സൈനിക വാഹനങ്ങള്‍ വീടിന് സമീപം അവര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ചിലതിലൊക്കെ ടൊര്‍ണാഡോ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റവുമുണ്ട്. നാല്പത് കിലോമീറ്ററിലധികം ദൂരത്തേക്ക് വരെ റോക്കറ്റ് വിക്ഷേപിക്കാന്‍ കഴിയുന്ന സിസ്റ്റമാണിത്. അതിനര്‍ഥം അവര്‍ കീവിനെ ലക്ഷ്യം വച്ചുകൊണ്ടാണ് വീട് കീഴടക്കിയിരിക്കുന്നത് എന്നാണ്. ഒരു കാരണവശാലും അതിനനുവദിച്ചു കൂട. വീട് ബോംബിടാനാവശ്യപ്പെട്ടത് മികച്ച തീരുമാനമായാണ് കണക്കാക്കുന്നത്. ഉക്രെയ്‌ന് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടതുണ്ട്. ഉക്രെയ്‌നിന്റെ സുരക്ഷ യൂറോപ്പിന്റെയാകെ സുരക്ഷയാണ് “. അദ്ദേഹം അറിയിച്ചു.

ആന്‍ഡ്രെയുടെ വീട്ടിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെയൊക്കെ റഷ്യന്‍ സൈന്യം പിടിച്ചുകൊണ്ടുപോയതായാണ് വിവരം. ഉക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയതോടെ സ്റ്റാവ്‌നിറ്റ്‌സര്‍ പോളണ്ടിലേക്ക് രക്ഷപെട്ടിരുന്നു.

Exit mobile version