ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നു; ഇത് വലിയ യുദ്ധത്തിനുള്ള മുന്നറിയിപ്പ്?

തെഹ്‌റാന്‍: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെച്ച് ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നു. സുലൈമാനിയുടെ അന്ത്യയാത്രക്കിടെ ഉയര്‍ന്ന ചുവന്ന കൊടി പരമ്പരാഗത രീതിയിലുള്ള വലിയ യുദ്ധസൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനിയന്‍ പുണ്യനഗരമായ കോമിലെ ജംകര്‍ആന്‍ പള്ളിക്ക് മുകളിലാണ് ചുവന്ന പതാക ഉയര്‍ന്നത്. അമേരിക്ക വധിച്ച ഖാസിംസുലൈമാനിയുടെ അന്ത്യയാത്രക്കിടെയാണ് ചുവന്ന പതാക ഉയര്‍ന്നത്. കമാന്‍ഡറുടെ ചിത്രവും ചുവന്ന പതാകയും സേന മുകളില്‍ എത്തിച്ച ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍.പതാക ഉയര്‍ത്തുന്ന ചടങ്ങ് ഇറാനിയന്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

പള്ളിക്ക് മുകളില്‍ ഈ ചുവന്ന കൊടി ഉയര്‍ത്തിയത് പരമ്പരാഗത രീതിയിലുള്ള വലിയ യുദ്ധസൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശിയാ മുസ്ലിംകളുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പള്ളിയാണിത്. ഇമാം ഹുസൈന്‍ ഇബ്‌നു അലിയുടെ മരണവുമായി ബന്ധപ്പെട്ട കര്‍ബാല യുദ്ധത്തിനു ശേഷം ഇത് ആദ്യമായാണ് ചുവന്ന പതാക ഉയരുന്നത്.

പുണ്യസ്ഥലമായ ജംകര്‍ആനില്‍ മധ്യകാലഘട്ടത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ ചുവന്ന പതാക ഉയര്‍ത്തിയിട്ടില്ല. സുലൈമാനിക്ക് ബഹുമാനാര്‍ഥം രാജ്യത്തുടനീളം നടന്ന മറ്റ് പരിപാടികളിലും ചുവന്ന പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും അമേരിക്കന്‍ പതാകകള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Exit mobile version