അയഞ്ഞ വസ്ത്രങ്ങളും ഹിജാബും ധരിക്കണം; ‘ഉചിതമല്ലാത്ത’ വസ്ത്രധാരണത്തിന് 10 വർഷം വരെ തടവ്; സെലിബ്രിറ്റികൾക്കും ബാധകം; ഇറാനിൽ ബിൽ പാസാക്കി

ടെഹ്‌റാൻ: ഇറാനിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നിയമം കർശനമാക്കാൻ ഭരണകൂട നീക്കം. സ്ത്രീകളുടെ വസ്ത്രധാരണ ചട്ടം കർശനമാക്കുന്ന ബിൽ പാസാക്കി. വസ്ത്രധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബില്ലിനാണ് ഇറാൻ പാർലമെന്റ് അനുമതി നൽകിയത്.

പുതിയ ചട്ടപ്രകാരം ‘ഉചിതമല്ലാത്ത’ വസ്ത്രം ധരിക്കുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ വിധിക്കും. വിചാരണ മൂന്ന് വർഷം വരെ നീളാമെന്നും ബില്ലിലുണ്ട്. നിയമപ്രകാരമല്ലാത്ത വസ്ത്രം പൊതുസ്ഥലങ്ങളിൽ ധരിക്കുന്നവർക്ക് പീനൽ കോഡ് അനുസരിച്ച് അഞ്ച് മുതൽ 10 വർഷം വരെ തടവും 180 ദശലക്ഷം മുതൽ 360 ദശലക്ഷം റിയാൽ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ ‘ഹിജാബ്, സദാചാര’ ബില്ലിൽ പറയുന്നു. നിലവിൽ നിയമം അനുസരിക്കാത്തവർക്ക് 10 ദിവസം മുതൽ രണ്ട് മാസം വരെ തടവോ 5,000 മുതൽ 500,000 റിയാൽ വരെ പിഴയോ ലഭിക്കും.

ഇറാനിൽ ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമമാണ് നിലനിൽക്കുന്നത്. ഇതുപ്രകാരം, പ്രായപൂർത്തിയായ സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും വേണം. സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്നത പ്രോത്സാഹിപ്പിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമാണെന്ന് ബില്ലിൽ പറയുന്നു.

ഒരു വർഷം മുൻപ് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന പെൺകുട്ടിയുടെ കസ്റ്റഡി മരണത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുശേഷമാണ് ഭരണകൂടത്തിന്റെ ഈ നീക്കമുണ്ടായിരിക്കുന്നത്. നിലവിൽരാജ്യത്ത് ഹിജാബ് ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ALSO READ- പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യം, ആസിഡൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി, ക്രൂര മര്‍ദനത്തിന് ഇരയാക്കി യുവാവ്

പാർലമെന്റ് പാസാക്കിയ ഈ ബിൽ പുരോഹിതരുടെയും നിയമജ്ഞരുടെയും യാഥാസ്ഥിതിക സംഘടനയായ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരത്തിനായി അയയ്ക്കും. ഗാർഡിയൻ കൗണ്‌സിലിന്റെ അംഗീകാരം കൂടി ലഭിച്ചാൽ, ബിൽ നിയമമാകും.

അതേസമയം, ബിൽ സ്ത്രീകളെയും പെൺകുട്ടികളെയും പൂർണ്ണമായും അടിച്ചമർത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് എട്ട് സ്വതന്ത്ര യുഎൻ മനുഷ്യാവകാശ വിദഗ്ധർ രംഗത്തെത്തിയിരുന്നു. കടുത്ത ശിക്ഷ നൽകാനുള്ള തീരുമാനം അടിച്ചമർത്തലിനുപരി അക്രമാസക്തമായ നടപ്പാക്കൽ രീതികളിലേക്ക് നയിച്ചേക്കാമെന്നും അവർ നിരീക്ഷിച്ചു.

Exit mobile version