ഇരുപത്തിനാല് മണിക്കൂറും വിഐപി സുരക്ഷ: രാജകീയം ഈ കൊമ്പനാനയുടെ ജീവിതം

കൊളംമ്പോ: ഇരുപത്തിനാല് മണിക്കൂറും വിഐപി സുരക്ഷയില്‍ കഴിയുന്ന ഒരു ആന. കഥയിലല്ല, യഥാര്‍ഥത്തില്‍ തന്നെയുള്ളതാണ്. കക്ഷി അങ്ങ് ശ്രീലങ്കയിലാണുള്ളത്.
ശ്രീലങ്കയിലെ നടുങ്ങാമുവ രാജ എന്ന ആനയാണ് ആ വിഐപി പരിവേഷമുള്ള ആന.

ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള ആനയാണ് നടുങ്ങാമുവ രാജ. 65 വയസ് പ്രായമുള്ള ഈ കൊമ്പന് 3.2 മീറ്ററാണ് ഉയരം. സര്‍ക്കാരാണ് രാജയുടെ സുരക്ഷ ശക്തമാക്കുന്നതിന് ഗാര്‍ഡുമാരെ നിയമിച്ചത്.

ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി പൊതുനിരത്തില്‍ ആനയെ ഇറക്കുമ്പോഴൊക്കെ തോക്കേന്തിയ പട്ടാളക്കാര്‍ സുരക്ഷ ഒരുക്കാനെത്തുന്നുണ്ടെന്ന് ആനയുടെ ഉടമ ഹര്‍ഷ ധര്‍മ്മവിജയ പറയുന്നു.

2015ല്‍ ആനയുടെ തൊട്ടടുത്ത് ഒരു ബൈക്ക് അപകടം നടന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ആനയുടെ സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് ഹര്‍ഷ ധര്‍മ്മവിജയ പറഞ്ഞു

രണ്ട് ആന പാപ്പാന്‍ന്മാര്‍ക്ക് പുറമേ, സുരക്ഷാ ഗാര്‍ഡുകളും തിരക്കേറിയ റോഡില്‍ ഇറങ്ങുമ്പോള്‍ ആനയ്ക്ക് വഴിയൊരുക്കാന്‍ ജീവനക്കാരെ നല്‍കിയിട്ടുണ്ടെന്നും ഉടമ പറഞ്ഞു.

25 മുതല്‍ 30 കിലോമീറ്റര്‍ രാജ ദിവസവും നടക്കാറുണ്ട്. കാണ്ടിയിലെ കുന്നിന്‍മുകളിലുള്ള റിസോര്‍ട്ടിലെ എസാല ഉത്സവത്തിന്റെ ഭാഗമായി രാജ 90 കിലോമീറ്റര്‍ നടക്കാറുണ്ട്. ഓഗസ്റ്റില്‍ നടക്കുന്ന ഈ ഉത്സവത്തില്‍ 100ല്‍ അധികം ആനകളും നര്‍ത്തകരും പങ്കെടുക്കാറുണ്ട്. ബുദ്ധന്റെ തിരുശേഷിപ്പുകള്‍ വഹിക്കാന്‍ അവസരം ലഭിച്ച ആന കൂടിയാണ് രാജ.

Exit mobile version