നൂറിലധികം പ്ലാസ്റ്റിക് ബാഗുകളിലായി 29 ഓളം മൃതദേഹങ്ങള്‍; മരിച്ചവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും; സംഭവം മെക്‌സിക്കോയില്‍

മരിച്ചവരില്‍ നാലു പേരെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു

മെക്‌സിക്കോ സിറ്റി: 29 ഓളം മൃതദേഹങ്ങള്‍ ശവക്കുഴിയില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തി. മെക്‌സിക്കോയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയിലാണ് സംഭവം. നൂറിലധികം പ്ലാസ്റ്റിക് ബാഗുകളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ചവരില്‍ നാലു പേരെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുമ്പോള്‍ മൃതദേഹങ്ങളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന അറ്റോര്‍ണി ജനറല്‍ ഓഫീസിലെ വൃത്തങ്ങള്‍ അറിയിച്ചു.

29,111 പേരാണ് കഴിഞ്ഞ വര്‍ഷം മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന കൊലപാതകങ്ങളുടെ എണ്ണത്തെ മറി കടന്നിരിക്കുകയാണ് ഈ വര്‍ഷത്തെ കണക്കുകള്‍. രാജ്യത്ത് കൊലപാതകത്തിനിരയാകുന്നവരുടെ എണ്ണം കൂടി വരികയാണ്.

ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ അഞ്ച് ക്രിമിനല്‍ സംഘടനകളില്‍ ഒന്നായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലില്‍ ഉള്‍പ്പെട്ടവര്‍ തങ്ങളുടെ ചിരവൈരികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് സഥിരം കാഴ്ചയാണ് ഇവിടെ. ഇവരുടെ മൃതദേഹങ്ങള്‍ രാജ്യത്തുടനീളമുള്ള രഹസ്യ കുഴിമാടങ്ങളില്‍ അടക്കം ചെയ്യുകയാണ് പതിവ്.

Exit mobile version