വിദ്യാർത്ഥിക്ക് കൈത്താങ്ങായി സഹപാഠി; കൈപിടിച്ച് ആശ്വാസം പകർന്നു നൽകിയ മകനിൽ അഭിമാനമുണ്ടെന്ന് അമ്മ; വൈറലായി കുറിപ്പ്

വിദ്യാർത്ഥിയുടെ സന്മനസിനെ ലോകം തന്നെ വാഴ്ത്തുകയും ചെയ്യുകയാണ്.

കാൻസാസ്: തന്റെ മകന്റെ സഹജീവി സ്‌നേഹത്തിൽ കണ്ണുനിറഞ്ഞ് അഭിമാനത്തോടെ അനുഭവകുറിപ്പ് പങ്കുവെച്ച് ഒരമ്മ. അവധിക്കാലത്തിന് ശേഷം സ്‌കൂളിലെത്തിയ വിദ്യാർത്ഥിയുടെ സങ്കടം മാറ്റാൻ ചേർത്തുനിർത്തിയ തന്റെ മകനെ കുറിച്ചാണ് സന്തോഷത്തോടെ യുഎസ്എയിലെ ഈ അമ്മ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വീട്ടിൽ നിന്നും അവധി കഴിഞ്ഞ് വരുന്നതിന്റെ സങ്കടത്തിൽ വിതുമ്പി നിൽക്കുന്ന സഹപാഠിയുടെ കൈപിടിച്ച് ആശ്വസിപ്പിക്കുന്ന ക്രിസ്റ്റ്യൻ മൂർ എന്ന എട്ടുവയസുകാരന്റെ ചിത്രമാണ് ഈ അമ്മ പങ്കുവെച്ചത്. ചിത്രം ദിവസങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയും വിദ്യാർത്ഥിയുടെ സന്മനസിനെ ലോകം തന്നെ വാഴ്ത്തുകയും ചെയ്യുകയാണ്.

അവധി കഴിഞ്ഞ് വരുന്നതിനാൽ തന്നെ മകന് ആദ്യദിവസം സങ്കടമുണ്ടാകുമോ എന്ന ആശങ്കയിലാണ് സ്‌കൂളിന് പുറത്ത് അമ്മ കോർട്ട്നി കോക്ക് മൂർ കാത്തുനിന്നത്. എന്നാൽ തന്റെ മകൻ ക്രിസ്റ്റിയൻ മൂർ സങ്കടപ്പെട്ട് നിൽക്കുകയായിരുന്ന ഓട്ടിസം ബാധിതനായ സഹപാഠിയുടെ കൈപിടിച്ച് ആശ്വിസിപ്പിക്കുന്നതാണ് കോർട്ട്‌നി കണ്ടത്. ഓട്ടിസബാധിതനായ കോണർ എന്ന വിദ്യാർത്ഥിയെ ആശ്വസിപ്പിക്കാനായി ക്രിസ്റ്റ്യൻ കൈപിടിച്ചതിന്റെ ചിത്രമാണ് കോർട്ട്‌നി ഫേസ്ബുക്കിൽ പങ്കുവെച്ചത്. യുഎസിലെ കാൻസസിലെ സ്‌കൂളിലാണ് സംഭവം. ‘സ്‌കൂളിന്റെ മുന്നിൽ കരഞ്ഞു കൊണ്ട് നിൽക്കുകയായിരുന്ന കോണറിനെ കണ്ട ക്രിസ്റ്റ്യൻ അവന്റെ അരികിലെത്തി കൈ പിടിച്ചു. കോണറിന് അത് ഏറെ ആശ്വാസമായി. ഇത്രയും മിടുക്കനും സ്നേഹവും കരുണയുമുള്ള കുഞ്ഞാണ് തന്റെ മകനെന്നോർത്ത് അഭിമാനിക്കുന്നു’-രണ്ട് കുട്ടികളും ഒരുമിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ക്രിസ്റ്റ്യന്റെ അമ്മ ഫെയ്സ്ബുക്കിൽ കുറിച്ചു.

അതേസമയം, സംഭവത്തിന് പിന്നാലെ, തന്റെ മകന് സ്‌കൂളിലെ ആദ്യദിനം മാനസികസമ്മർദമുണ്ടായിട്ടുണ്ടാവുമെന്നും ക്രിസ്റ്റ്യന്റെ ഇടപെടൽ അത് ലഘൂകരിച്ചിട്ടുണ്ടാവുമെന്നും കോണറിന്റെ അമ്മ ഏപ്രിൽ ക്രൈറ്റസ് പറഞ്ഞു. ഓഗസ്റ്റ് 14 നാണ് സ്‌കൂൾ തുറന്നത്. സെക്കൻഡ് ഗ്രേഡ് വിദ്യാർഥികളാണ് കോണറും ക്രിസ്റ്റ്യനും. മുമ്പും ഒരേ ക്ലാസിലായിരുന്നെങ്കിലും ഇരുവർക്കുമിടയിൽ സൗഹൃദമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രണ്ടുപേരും നല്ല ചങ്ങാതിമാരാണെന്ന് കോണറിന്റെ അമ്മ പറയുന്നു.

Exit mobile version