അമേരിക്ക ലോകത്തില്‍ നിന്നും ഒളിപ്പിച്ച ഏരിയ 51, ഇന്നും നിഗൂഢതകള്‍ നിറഞ്ഞ ഇടം

കാലങ്ങളേറെയായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഏരിയ 51. നിരവധി അഭ്യൂഹങ്ങളും നിഗൂഢതകളും നിറഞ്ഞ കഥകളാണ് ഏരിയ 51 നെക്കുറിച്ച് കേള്‍ക്കുന്നത്. അതില്‍ അന്യഗ്രഹ ജീവികളും ഏരിയ 51ഉം തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥകളാണ് ഏറെ പ്രചാരത്തിലുള്ളത്. സത്യമായ കാര്യങ്ങളേക്കാള്‍ ഏരിയ51 നെക്കുറിച്ച് അറിയുന്നത് നിഗൂഡതകളും കള്ളത്തരങ്ങളുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഏരിയ 51 എന്ന് അറിയാം.

അമേരിക്കയിലെ നവേദ മരുഭൂമിയിലെ വിശാലമായി പരന്ന് കിടക്കുന്ന സ്ഥലത്തെ ഏരിയ 1,2,3 എന്നിങ്ങനെയായി വിഭജിച്ചിട്ടുണ്ട്. അതിലൊന്നാണ് ഏരിയ 51. പൊതുവേ ഈ ഏരിയ പരീക്ഷണങ്ങള്‍ നടത്താനായാണ് അമേരിക്ക ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്തത് കൊണ്ടു തന്നെ ഇതിനെ ചുറ്റിപ്പറ്റി നിരവധി ഇല്ലാക്കഥകളും പ്രചരിച്ചു. അഭ്യൂഹങ്ങള്‍ നിറഞ്ഞൊരിടം, രഹസ്യങ്ങള്‍ നിറഞ്ഞൊരിടം, അന്തവിശ്വാസങ്ങളുടെ കൂമ്പാരം എന്നൊക്കെയാണ് ഏരിയ 51നെ വിശേഷിപ്പിക്കുന്നത്.

അമേരിക്ക ചന്ദ്രനില്‍ ഇറങ്ങിയതും ഏരിയ 51 ഉം തമ്മില്‍ ബന്ധമുണ്ടെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 1969ല്‍ അപ്പോളോ 11 ആണ് ആദ്യമായി മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്നത്. ഇത് കളവാണെന്നും സത്യമാണെന്നും പറയുന്നവരുണ്ട്. പലരും വിശ്വസിക്കുന്നത് ഏരിയ 51ല്‍ സെറ്റ് ഇട്ടതിന് ശേഷം അവിടെ വച്ച് അമേരിക്ക മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നത് ചിത്രീകരിക്കുകയായിരുന്നു എന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയും യുഎസ്എസ്ആറും തമ്മില്‍ കോര്‍ത്തിരിക്കുന്ന സമയമായിരുന്നു അത്. അതിനാല്‍ യുഎസ്എസ്ആറിനെ വിശ്യസിപ്പിക്കാന്‍ അമേരിക്കയുണ്ടാക്കിയ നാടകമായിരുന്നു ഇതെന്നും പറയുന്നവരുണ്ട്. അതിനെപ്പറ്റി ഇപ്പോഴും ഒരുപാട് ചര്‍ച്ചകളും നടക്കുന്നുണ്ട്.

അപ്പോളേ 11 യില്‍ ഉപയോഗിച്ചിരുന്ന ഒരുപാട് ഉപകരണങ്ങളുടെ പരീക്ഷണം ഏരിയ 51നെചുറ്റിപ്പറ്റി നടന്നിട്ടുണ്ടായിരുന്നു. ഒരുപക്ഷേ ഇതു കൊണ്ടാവാം ചന്ദ്രനിലിറങ്ങിയത് അമേരിക്ക സെറ്റ് ഇട്ട് ചെയ്തതാവാമെന്ന സംശയത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. ഒരു സെറ്റ് ഇട്ട് അമേരിക്ക ഇൗ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പുറത്തറിയാതിരിക്കാനാണ് ഏരിയ 51ല്‍ ആരെയും കടത്തരുതെന്ന് പറയപ്പെടുന്നതെന്നും ആളുകള്‍ പറയുന്നുണ്ട്.

ഇതിനിടെ ഏരിയ 51 ഉം അന്യഗ്രഹജീവികളും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഏരിയ 51നുള്ളില്‍ ശാസ്ത്രജ്ഞര്‍ അന്യഗ്രജീവികളെ പിടിച്ച് വെച്ച് പഠിക്കുകയാണെന്നായിരുന്നു പ്രചരിച്ചത്. ഇങ്ങനെയൊരു സംശയം ഉയരാന്‍ കാരണം ഇതാണ്…. ഏരിയ 51 സ്ഥിതി ചെയ്യുന്ന മരുഭൂമിയിലെത്തിയ ചിലര്‍ ആകാശത്തു നിന്നും ഒരു വസ്തു അതിവേഗത്തില്‍ കത്തി താഴേക്ക് വീഴുന്നതായി കണ്ടു. ഇതിന് പിന്നാലെ അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഒരു വലിയ സാധനം ട്രക്കില്‍ കയറ്റി ഏരിയ 51ല്‍ കൊണ്ടുപോകുന്നതായും കണ്ടു.

പിന്നീട് ഇത് രണ്ടും കൂട്ടി വായിച്ചപ്പോള്‍ അന്ന് കത്തി വീണത് പറക്കും തളികയാണെന്നും പുറത്താരും അറിയാതിരിക്കാനായി അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഇത് പെട്ടിയിലാക്കി ഏരിയ 51ല്‍ എത്തിക്കുകയായിരുന്നുവെന്നും ജനങ്ങള്‍ വിശ്വസിച്ചു. കൂടാതെ ആ പറക്കും തളികയിലെ അന്യഗ്രഹ ജീവികളെ ഏരിയ 51ല്‍ ഒളിപ്പിച്ചുവെച്ച് അമേരിക്ക പഠിച്ചോണ്ടിരിക്കുകയാണെന്നും വാര്‍ത്തകള്‍ പരന്നു. ഇതോടെ സമൂഹമാധ്യമങ്ങളിലും ഇത് ചര്‍ച്ചാവിഷയമായി മാറി. ഏരിയ 51നുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമെന്നും അതിനുള്ളില്‍ ജനങ്ങളെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏരിയ 51നുള്ളില്‍ അന്യഗ്രഹ ജീവികളെ പിടിച്ചുവെച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് എയര്‍ഫോഴ്‌സിന്റെ പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അവകാശപ്പെട്ട് മറ്റു ചിലരും രംഗത്തെത്തി. ഏരിയ 51നുള്ളില്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടാക്കുകയാണെന്നും പറക്കും തളികയുടെ ആകൃതിയിലുള്ള ഒരു യുദ്ധവിമാനത്തിന്റെ പരീക്ഷണത്തിനിടെ അത് കത്തി താഴെ വീഴുകയും ജനങ്ങള്‍ അത് കണ്ട് പറക്കും തളികയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും എയര്‍ഫോഴ്‌സ് ജീവനക്കാരും വ്യക്തമാക്കി..

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരുപാട് രഹസ്യങ്ങള്‍ ഉള്ളതിനാലാണ് ഇവിടേക്ക് ജനങ്ങളെ കടത്തി വിടാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധാരണക്കാര്‍ക്ക് മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റിന് വരെ പെര്‍മിഷന്‍ ഇല്ലാതെ ഏരിയ 51ലേക്ക്് കയറാന്‍ സാധിക്കില്ല എന്നതാണ് സത്യം.

Exit mobile version