ജമ്മു കാശ്മീരിൽ നേതാക്കളെ തടവിലാക്കിയതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക; പാകിസ്താൻ സംയമനം പാലിക്കണമെന്ന് യുഎൻ

വാഷിങ്ടൺ: അപ്രതീക്ഷിതമായ നീക്കത്തോടെ ആർട്ടിക്കിൾ 307 റദ്ദാക്കുകയും ജമ്മുകാശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി.

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒട്ടാഗസ് അറിയിച്ചു. വ്യക്തിപരമായ അവകാശങ്ങൾക്കൊപ്പം കാശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു

ഇതിനിടെ, ജമ്മു കാശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫൻ ട്വിജ്വാരക്ക് പ്രതികരിച്ചു. കാശ്മീർ വിഷയത്തിൽ പാകിസ്താൻ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യുഎൻ വ്യക്തമാക്കി. ഇന്ത്യയുടെ തീരുമാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല. പകരം നിയന്ത്രണരേഖയിലെ സൈനിക നടപടി വർധിപ്പിച്ചതിലെ ആശങ്കയാണ് യുഎൻ പങ്കുവെച്ചത്.

Exit mobile version