ചികിത്സയ്ക്കായി എത്തിയ രോഗിയെ തിരിഞ്ഞു നോക്കിയില്ല; ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും വിരമിക്കല്‍ ചടങ്ങിന് പോയി; പരാതി

ഡോക്ടര്‍ രോഗിയെ കണ്ടയുടനെ ഇന്‍ജക്ഷന്‍ എടുക്കാനും പാരസെറ്റാമോള്‍ ഗുളിക നല്‍കാന്‍ എഴുതിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു

ചാരുംമൂട്: ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും സഹപ്രവര്‍ത്തകയുടെ വിരമിക്കല്‍ ചടങ്ങിന് പങ്കെടുക്കാന്‍ പോയതിനാല്‍ ഗുരുതര പരിക്കേറ്റെത്തിയ രോഗിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ആലപ്പുഴ ചുനക്കര കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി പീറ്റേഴ്‌സ് വില്ലയില്‍ ജോസാണ് ചികിത്സ കിട്ടാതെ മടങ്ങേണ്ടിവന്നത്.

അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ് മുഖത്ത് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ജോസിനെയും കൊണ്ട് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്നെങ്കിലും രോഗിക്ക് പ്രാഥമിക ചികിത്സ പോലും നല്‍കാതെ ജീവനക്കാരിയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനുള്ള ധൃതിയിലായിരുന്നു എന്നാണ് ജോസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഡോക്ടര്‍ രോഗിയെ കണ്ടയുടനെ ഇന്‍ജക്ഷന്‍ എടുക്കാനും പാരസെറ്റാമോള്‍ ഗുളിക നല്‍കാനും എഴുതിയ ശേഷം പുറത്തേക്ക് പോകുകയായിരുന്നു.

ജീവനക്കാര്‍ക്കായി ഏറെ നേരം കാത്തിരുന്നിട്ടും ആരും തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ വന്നതോടെ രോഗിയെ കായംകുളം ഗവ ആശുപത്രിയില്‍ എത്തിക്കുകയും, അവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version