കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ഇത്തവണയും ചുവന്നു: എല്ലാ സീറ്റുകളിലും എസ്എഫ്‌ഐയ്ക്ക് മിന്നും വിജയം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എസ്എഫ്‌ഐയ്ക്ക് മിന്നും വിജയം. മോറാഴ സ്റ്റെംസ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായ ടികെ ശിശിരയാണ് ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.

ശിശിരയ്ക്ക് 75 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ അലന്‍ ജോ റെജിക്ക് 38 വോട്ടുകളാണ് നേടാനായത്. മുന്നാട് പീപ്പിള്‍സ് കോളജ് വിദ്യാര്‍ഥിയായ ടി കെ വിഷ്ണുരാജാണ് ജനറല്‍ സെക്രട്ടറി.

പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്ട്‌സ് കോളജിലെ പി ദര്‍ശനയാണ് ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍. ഡോ പികെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസിലെ എവി അനൂപ് വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറിയായി പയ്യന്നൂര്‍ കോളജിലെ പ്രണവ് പ്രഭാകരനെയും തെരഞ്ഞെടുത്തു.

കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി – ടി പി അഭിരാമി (ചീമേനി ഐഎച്ച്ആര്‍ഡി കോളേജ്), കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി-അഭിരാഗ് ചന്ദ്രന്‍ (കല്യാശേരി ആംസ്റ്റക് കോളേജ് ) എന്നിവരെയും തെരഞ്ഞെടുത്തു. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി മാനന്തവാടി ക്യാമ്പസിലെ പിജി വിദ്യാര്‍ഥിയും എസ്എഫ്‌ഐ പനമരം ഏരിയാ കമ്മിറ്റി അംഗവുമായ കെആര്‍ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version