പങ്കെടുക്കുന്നത് സ്വകാര്യ ചടങ്ങിൽ: ഗവർണർക്ക് എതിരെ ഇന്ന് എസ്എഫ്‌ഐ പ്രതിഷേധമില്ല; നിർദേശിച്ച് പിഎം ആർഷോ

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കഴിഞ്ഞദിവസം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ എസ്എഫ്ഐ ഇന്ന് പ്രതിഷേധത്തിനില്ലെന്ന് അറിയിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകി.

ഗവർണർ ഇന്ന് പാണക്കാട് ഷിഹാബ് അലി തങ്ങളുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനായാണ് പോകുന്നത്. സ്വകാര്യ ചടങ്ങിലേക്ക് പുറപ്പെടുന്നതിനാലാണ് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. അതിനാലാണ് പ്രതിഷേധത്തിന് താൽക്കാലികമായി അവധി നൽകിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വിവാഹച്ചടങ്ങ് നടക്കുന്നത്.

ALSO READ- കാൽപാടുകളും സൂചനയും മാത്രം കൺമുന്നിൽ; നരഭോജി കടുവയെ പിടികൂടാനാകാതെ വനംവകുപ്പ്; കൂടുതൽ കൂട് സ്ഥാപിച്ച് കാത്തിരിപ്പ്

11 മണിയോടെ ഗവർണർ കോഴിക്കോട്ടേക്ക് പുറപ്പെടും. 1.50ന് തിരിച്ച് സർവകലാശാലയിലേക്ക് തിരികെ എത്തുമെന്നാണ് വിവരം. തുടർന്നും ഗസ്റ്റ് ഹൗസിൽ തന്നെയാകും ഗവർണറുടെ താമസം.

എന്നാൽ ഗവർണർക്ക് എതിരെ ഒദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന തിങ്കളാഴ്ച മുതൽ പ്രതിഷേധം ശക്തമാക്കും. നാളെ ഭാരതീയ വിചാര കേന്ദ്രവും കാലിക്കറ്റ് സനാതനധർമ പീഠം ചെയറും സംഘടിപ്പിക്കുന്ന ശ്രീ നാരായണഗുരു ധർമ പ്രചാരം എന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. അതിനാൽ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐ നീക്കം.

Exit mobile version