കാൽപാടുകളും സൂചനയും മാത്രം കൺമുന്നിൽ; നരഭോജി കടുവയെ പിടികൂടാനാകാതെ വനംവകുപ്പ്; കൂടുതൽ കൂട് സ്ഥാപിച്ച് കാത്തിരിപ്പ്

വാകേരി: വയനാട് കൂടല്ലൂരിൽ ക്ഷീര കർഷകനെ കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്കായുള്ള നാട്ടുകാരുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേും തിരച്ചിൽ വിഫലമാകുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ, കടുവയെ പിടിക്കാൻ ഒരു കൂടുകൂടി സ്ഥാപിച്ചിരിക്കുകയാണ്.

കൂടല്ലൂർ കവലക്ക് സമീപമുള്ള വനംമേഖലയോട് ചേർന്നുള്ള തോട്ടത്തിലാണ് പുതുതായി കൂട് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ നാല് കൂടുകളാണ് കടുവക്കായി പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്നത്. പ്രജീഷിന്റെ മൃതദേഹം കിട്ടിയ പരിസരത്ത് സമീപവും കോളനി കവലയിലും കൂടല്ലൂരിൽ കോഴിഫാമിനടുത്തുമാണ് കൂടുകൾ വെച്ചിരിക്കുന്നത്.

ശനിയാഴ്ച വട്ടത്താനി വയലിൽ കടുവയുടെ കാൽപാടുകൾ കണ്ടിരുന്നു. വട്ടത്താനി വിഷ്ണുക്ഷേത്രത്തിനു സമീപത്തുള്ള വെമ്പിലാത്ത് വിസി നാരായണന്റെ കപ്പയിട്ട വയലിൽ ശനിയാഴ്ച രാവിലെയാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്. മുമ്പും ഇവിടെ കടുവ എത്തിയിട്ടുണ്ടെന്നാണ് വിവരം.

വെള്ളിയാഴ്ച ഞാറ്റാടി സാബുവിന്റെ വീട്ടുമുറ്റത്തും കാൽപാടുകൾ കണ്ടിരുന്നു. സമീപത്തെ വയലിലും കാൽപാടുകൾ കണ്ടെത്തി. ചൊവാഴ്ച ഗാന്ധിനഗർ 90ൽ കടുവയെ പ്രദേശവാസികൾ കണ്ടിരുന്നു.

ALSO READ- എട്ടുവർഷം മദ്യത്തിന് അടിമ ആയിരുന്നു, എപ്പോഴും ഹാങ് ഓവറിലും; അതിൽ ഖേദമില്ല; തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസൻ

ഇതിന് പുറമെ ചെതലയം കാടിനോട് ചേർന്നുള്ള പാമ്പ്ര എസ്റ്റേറ്റിൽ മുമ്പ് നിരവധി തവണ കടുവ എത്തിയിരുന്നു. പാമ്പ്ര തോട്ടം വഴിയാണ് സാധാരണ വട്ടത്താനി ഭാഗത്ത് കടുവ ഇറങ്ങാറുള്ളത്. വനം പോലെ കിടക്കുന്ന തോട്ടത്തിൽ കടുവയ്ക്ക് തങ്ങാൻ അനുകൂല സാഹചര്യമാണ്.

വാകേരിയിലെ നിറഞ്ഞു കിടക്കുന്ന കാപ്പിത്തോട്ടവും കുറ്റിച്ചെടികൾ നിറഞ്ഞ കാടുകളും കടുവയെ പിടികൂടുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കടുവയുടെ വിസർജ്യം ഉൾപ്പടെ റോഡരികിൽ കണ്ടെത്തിയെങ്കിലും കടുവ കാണാമറയത്ത് തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് ക്ഷീരകർഷകനായ പ്രജീഷിനെ പുല്ലരിയുന്നതിനിടെ കടുവ ആക്രമിച്ച് കൊന്നത്. അന്നുതൊട്ട് കടുവക്കായി വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ട്. ശനിയാഴ്ചയും ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഫലം കണ്ടില്ല. കുങ്കിയാനകളും ഈ ശ്രമത്തിൽ പങ്കാളികളാണ്.

Exit mobile version