ജീവനക്കാരെല്ലാം തന്റെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു, അവരിതു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല..! കണ്ണുനിറച്ച് മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറി ഉടമ

തിരുവനന്തപുരം:ജീവനക്കാരെല്ലാം തന്റെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു. അവരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇതുവരെ വെട്ടിക്കുറച്ചിട്ടില്ല.മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക് തീയ്യിട്ട ജീവനക്കാരെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഫാക്ടറി ഉടമയുടെ പ്രതികരണമാണിത്.

ജീവനക്കാരുടെ ശമ്പളം താന്‍ നേരിട്ടാണ് നല്‍കുന്നത്. ഇന്നുവരെ ജീവനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ യാതൊരു നടപടികളും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഫാക്ടറിയില്‍ നിരവധി അസി. മാനേജര്‍മാരും 36 സൂപ്പര്‍വൈസര്‍മാരും ഉണ്ടെങ്കിലും താന്‍ ആരെയും ബുദ്ധിമുട്ടിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘അവരിതു ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല’ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന വാര്‍ത്തയറിഞ്ഞ സിംസണ്‍ ഫെര്‍ണാണ്ടസിനു നടുക്കം ഇനിയും മാറിയിട്ടില്ല. എല്ലാത്തിനും ഒപ്പമുണ്ടായിരുന്നിട്ടും ഒരു ലൈറ്ററിലെ തീപ്പൊരിയില്‍ ഇവര്‍ അണച്ചത് 500 ജീവനക്കാരുടെ സ്വപ്‌നങ്ങളാണെന്നും ഉടമ പറഞ്ഞു.

പ്രതികളിലൊരാളായ ബിനു രണ്ടുവര്‍ഷം മുമ്പ് ഫാമിലി പ്ലാസ്റ്റിക്‌സിലെത്തിയത് അച്ഛന്റെ അനിയന്റെ ശുപാര്‍ശ വഴിയാണ്. വലിയ ബുദ്ധിമുട്ടാണെന്നു പറഞ്ഞാണ് സിംസണിനെ കാണാനെത്തിയത്. ഉടന്‍ ജോലി കൊടുക്കുകയും ചെയ്തു. ജോലി കിട്ടിയ ശേഷം ബിനുവിന്റെ കല്യാണവും നടന്നു. മറ്റൊരു പ്രതിയായ ബിമലിന്റെ അമ്മ ഫാമിലി പ്ലാസ്റ്റിക്‌സിലെ ജീവനക്കാരിയായിരുന്നു. അമ്മ ജോലിയില്‍നിന്നു മാറിയപ്പോള്‍ മകനു പകരം ജോലി നല്‍കി.

രണ്ടുപേര്‍ മാത്രമാണ് കുറ്റകൃത്യത്തില്‍ പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തും. പ്രതികളെ ഫാക്ടറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അട്ടിമറി സാധ്യത ഫയര്‍ ഫോഴ്‌സ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

Exit mobile version