കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ടെക്നോളജി സെന്റര്‍; ബൈജൂസ് ആപ്പ് കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി

തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

തിരുവനന്തപുര: ഓണ്‍ ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ ടെക്‌നോളജി സെന്റ്‌റര്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും സെന്റര്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ കെട്ടിടം ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ക്യാമ്പസിനായി കൊച്ചിയിലും സ്ഥലം നോക്കുന്നുണ്ടെന്ന് അധുകൃതര്‍ വ്യക്തമാക്കി.

അന്തിമ തീരുമാനത്തിന് ശേഷം സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടാനാണ് ബൈജൂസിന്റെ തീരുമാനം. എഡ്യൂടെക് രംഗത്ത് ലോകത്ത് ഏറ്റവും മൂല്യമുളള സംരംഭമാണ് ബൈജൂസ് ആപ്പ്. ആഗോള ഇന്റര്‍നെറ്റ്, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയും പ്രമുഖ ടെക്‌നോളജി നിക്ഷേപകരുമായ നാസ്‌പേഴ്‌സും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും (സിപിപിഐബി.) ചേര്‍ന്ന് കമ്പനിയില്‍ 54 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണിത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ സ്റ്റാര്‍ട്ടപ്പായും ബൈജൂസ് മാറി.

കണ്ണൂര്‍ സ്വദേശി ബൈജു രവിന്ദ്രനാണ് ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍. 40,000 കോടി രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ആകെ മൂല്യം. ബംഗളൂരുവിലാണ് ബൈജൂസ് ആപ്പിന്റെ ആസ്ഥാനം. നിലവില്‍ 1,500 ജീവനക്കാരാണ് പ്രധാന പ്രൊഡക്ഷന്‍ സെന്റ്‌റില്‍ പ്രവര്‍ത്തിക്കുന്നത്. വെര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ഉള്‍പ്പടെയുളള അത്യാധൂനിക സൗകര്യങ്ങളുളള വമ്പന്‍ ടെക് പ്രൊഡക്ഷന്‍ സെന്ററാണ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ ബൈജൂസ് പദ്ധതിയിടുന്നത്.

മറ്റ് കമ്പനികളുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനമെന്നാണ് ലഭിക്കുന്ന സൂചന. തിരുവനന്തപുരം സെന്ററില്‍ 1,000 പ്രഫഷണലുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ 300 പേരെ ഉള്‍പ്പെടുത്തിയായിരിക്കും ക്യാമ്പസിന്റെ പ്രവര്‍ത്തനം.

Exit mobile version