അടൂരിനെതിരെ ബി ഗോപാലകൃഷ്ണൻ ഉപയോഗിച്ച ഭാഷതെറ്റ്; സോഷ്യൽമീഡിയ പോസ്റ്റ് സിപിഎം പ്രചാരണത്തിന് ഉപയോഗിക്കുന്നെന്നും ബിജെപി

തിരുവനന്തപുരം: ജയ് ശ്രീറാം മുഴക്കുന്നത് ഇഷ്ടമായില്ലെങ്കിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ചന്ദ്രനിലേക്ക് പോകാമെന്ന വിമർശനവുമായി രംഗത്തെത്തിയ പാർട്ടി വക്താവ് ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം. അടൂർ ഗോപാലകൃഷ്‌നെതിരെ ബി ഗോപാലകൃഷ്ണൻ പ്രയോഗിച്ച ഭാഷ തെറ്റെന്ന് നേതൃത്വം വിലയിരുത്തി.

സോഷ്യൽമീഡിയയിൽ ബി ഗോപാലകൃഷ്ണൻ പങ്കുവെച്ച പോസ്റ്റ് ബിജെപിക്കെതിരായ സിപിഎം പ്രചാരണത്തിന് വളമിടുന്നതായും സംസ്ഥാന നേതൃത്വം പറഞ്ഞു. അതേസമയം, പ്രസ്താവനയ്‌ക്കെതിരെ നാനഭാഗത്തു നിന്നും വിമർശനമുയരുമ്പോഴും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല.

ആൾക്കൂട്ട കൈലപാതകങ്ങൾക്കെതിരെയും ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനാണ് അടൂർ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് രംഗത്തെത്തിയത്.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ചന്ദ്രനിലേക്ക് പോകൂ എന്നായിരുന്നു ബിജെപി നേതാവിന്റെ കുറിപ്പ്. വേണ്ടിവന്നാൽ അടൂരിന്റെ വീടിനുമുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും സോഷ്യൽമീഡിയയിലൂടെയുള്ള പോസ്റ്റിൽ ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കിയിരുന്നു. അടൂരിന് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു.

Exit mobile version