എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു പിണറായിയെ വിമര്‍ശിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ല; മറുപടിയുമായി കാനം

kanam

കോഴിക്കോട്: പോലീസ് ലാത്തി ചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തിനു പിന്നാലെ സര്‍ക്കാരിനെതിരെ സിപിഐ കടുത്ത ഭാഷയില്‍ പ്രതികരിച്ചില്ലെന്ന വിമര്‍ശനത്തിന് കൂടുതല്‍ വിശദീകരണങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റു പിണറായി വിജയനെ വിമര്‍ശിക്കണമെന്നു പറഞ്ഞാല്‍ നടക്കില്ലെന്നു കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഇടതുപക്ഷ നിലപാടില്‍ നിന്നു സര്‍ക്കാര്‍ വ്യതിചലിക്കുന്നു എന്നു തോന്നിയപ്പോള്‍ വിമര്‍ശിച്ചിട്ടുണ്ട്. അതു തുടരും. എറണാകുളത്തു സിപിഐ നേതാക്കളെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയ്ക്ക് കൂടുതലൊന്നും ചെയ്യാനില്ലെന്നും കാനം വ്യക്തമാക്കി.

താന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പോലീസ് നടപടിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും. മകനെതിരെയുള്ള ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും കാനം പറഞ്ഞു.സിപിഐ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം.

വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പൊതു വേദിയില്‍ അല്ല. പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ പാര്‍ട്ടി സെക്രട്ടറി ആണെങ്കിലും നടപടി എടുക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Exit mobile version