മുഖ്യമന്ത്രി പറഞ്ഞതിനേക്കാൾ കൂടുതൽ എന്താണ് വേണ്ടത്; താൻ ശക്തമായി പ്രതികരിച്ചില്ലെന്ന വാദം തള്ളി കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കഴിഞ്ഞദിവസം എറണാകുളത്തിവെച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പടെയുള്ളവർക്ക് പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞിട്ട് കൂടുതൽ പ്രതികരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവത്തിൽ സിപിഐയുടെ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചെന്നും അന്വേഷണം കഴിയാതെ കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് മണിക്കൂറിനകം തന്നെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സാധാരണ ഉണ്ടാകുന്ന ലാത്തിച്ചാർജിലും മറ്റുമുള്ള പ്രശ്‌നങ്ങൾ ആർഡിഒ-മാരാണ് അന്വേഷിക്കാറുള്ളത്. എന്നാൽ ഒരു എംഎൽഎയ്ക്ക് ഉൾപ്പടെ മർദ്ദനമേറ്റ സംഭവത്തിൽ ജില്ലാകളക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നെ എന്താണ് വേണ്ടതെന്നും കാനം രാജേന്ദ്രൻ ചോദിച്ചു.

താൻ വിഷയത്തിൽ മൗനം പാലിച്ചെന്നും പോലീസിന്റെ നടപടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചില്ലെന്നുമുള്ള ആരോപണം കാനം തള്ളി. നിലപാടുകളിൽ എപ്പോഴും താൻ ഉറച്ച് നിൽക്കുന്നുണ്ടെന്നും കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version