പശുവിനെ കുറിച്ച് വിവരിക്കാന്‍ ചോദ്യം: ഗാന്ധിയും നെഹ്‌റുവും മുഖ്യമന്ത്രിയും കടന്ന് അമേരിക്ക വരെ ഉത്തരത്തില്‍, നാലാം ക്ലാസിലെ മിടുക്കന് കൈയ്യടിച്ച് സൈബര്‍ലോകം

തൃശ്ശൂര്‍: പശുവിനെ കുറിച്ചുള്ള ചോദ്യത്തിന്, പശു ഒരു വളര്‍ത്തുമൃഗമാണ് എന്നതില്‍ തുടങ്ങി സ്വാതന്ത്ര്യസമരവും ഗാന്ധിജിയും നെഹ്‌റുവും തുടങ്ങി അമേരിക്കയില്‍ വരെയെത്തിയ കൊച്ചുമിടുക്കന്റെ ഉത്തരക്കടലാസിനെയാണ് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍ തേടിയെത്തുന്നത്.

നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനാണ് ആ കൊച്ചുമിടുക്കന്‍. ഭാവിവാഗ്ദാനം എന്ന ക്യാപ്ഷനോട് കൂടി ഉത്തരക്കടലാസ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

പശു ഒരു വളര്‍ത്തുമൃഗമാണ്. പശു പാല്‍ തരുന്നു എന്ന വാചകത്തില്‍ തുടങ്ങി അമേരിക്കയിലെത്തി നില്‍ക്കുന്ന ഉത്തരം. കേരളത്തെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും, സ്വാതന്ത്യസമരവും ഗാന്ധിജിയും നെഹ്‌റുവും അമേരിക്കയും ഉള്‍പ്പെടുത്തിയാണ് മിടുക്കന് എഴുതിയിരിക്കുന്നത്.

ഉത്തരത്തിനൊടുവില്‍ വലിയ ടിക്ക് മാര്‍ക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സര്‍വ്വവിജ്ഞാനി എന്നും എഴുതിയിട്ടുണ്ട്.

ഉത്തരം ഇങ്ങനെ: പശു ഒരു വളര്‍ത്തുമൃഗമാണ്. പശു പാല്‍ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കല്‍പവൃക്ഷമാണ്. ധാരാളം തെങ്ങുകള്‍ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

Exit mobile version