അരൂരില്‍ ഉപതെരഞ്ഞെടുപ്പിന് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണം; ആവശ്യവുമായി ബിജെപി; മിണ്ടാതെ ബിഡിജെഎസ്

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന തീരുമാനവുമായി ബിജെപി. ഉപതെരഞ്ഞെടുപ്പുകളില്‍ മറ്റുപാര്‍ട്ടികളുടെ പ്രധാന നേതാക്കള്‍ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തില്‍ തുഷാര്‍ മത്സരരംഗത്ത് വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ അരൂരില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് തുഷാര്‍.

ബിഡിജെഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തുഷാര്‍ മത്സരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. അരൂര്‍ സീറ്റ് ബിഡിജെഎസ് നിര്‍ബന്ധം പിടിച്ചാണ് നേടിയെടുത്തത്. മറ്റ് അഞ്ചിടങ്ങളില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് ബിജെപി ബിഡിജെഎസിനെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ അരൂരില്‍ ശക്തമായ മത്സരത്തിന് തുഷാര്‍ വേണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. എസ്എന്‍ഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം. ഒപ്പം ബിജെപി വിരുദ്ധ നിലപാട് തുടരുന്ന വെള്ളാപ്പള്ളിയെ സമ്മര്‍ദ്ദത്തിലാക്കുകയും ലക്ഷ്യമാണ്.

എന്നാല്‍, എസ്എന്‍ഡിപി പിന്തുണയില്ലാതെ അരൂരില്‍ ഇറങ്ങുന്നതിന് തുഷാറിന് താല്‍പര്യമില്ല.

Exit mobile version