എന്‍ഐഎ ബില്ലിനെ അനുകൂലിക്കുന്നില്ല; പ്രതികൂലിക്കുന്നുമില്ല; എന്‍ഐഎ ഭേദഗതി ബില്ലില്‍ നിലപാടില്ലാതെ മുസ്ലിം ലീഗ്

ന്യൂഡൽഹി: ഏറെ ചർച്ചയായ, എൻഐഎ(ദേശീയ അന്വേഷണ ഏജൻസി)യ്ക്ക് അമിതാധികാരം നൽകുന്ന ബില്ലിനെതിരെ പാർലമെന്റിൽ വോട്ട് ചെയ്യാത്തത് വിവാദമായതോടെ നിലപാടില്ലാതെ ഉരുണ്ട് കളിച്ച് മുസ്ലിം ലീഗ്. എൻഐഎ ഭേദഗതി ബില്ലിനെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗിന്റെ ഏക രാജ്യസഭാംഗവും കേരളത്തിൽനിന്നുള്ള എംപിയുമായ പിവി അബ്ദുൽ വഹാബ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം ലീഗിന്റെ പേരുതന്നെ മാറ്റേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വഹാബ് കുട്ടിച്ചേര്‍ത്തു. ”ഏത് ബാപ്പ വന്നാലും ഉമ്മാക്കാണ് കേട്” എന്ന തങ്ങളുടെ നാട്ടിലെ ചൊല്ലിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് എന്‍ഐഎ ഭേദഗതി ബില്‍. അതിനാല്‍ ഇത് ദുരുപയോഗം ചെയ്യരുതെന്നാണ് അമിത് ഷായോടുള്ള അപേക്ഷ. മതവിഭാഗങ്ങളുടെ പേരു പറയരുതെന്ന് രാജ്യസഭ അധ്യക്ഷന്‍ പറഞ്ഞതിനെ പരാമര്‍ശിച്ച വഹാബ് മുസ്ലിം സമുദായത്തിന്റെ പേര് തനിക്ക് പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ആണെന്നും ഇങ്ങനെയാണെങ്കില്‍ ആ പേര് മാറ്റേണ്ടി വരുമെന്നും വഹാബ് തുടര്‍ന്നു.

ചെറിയ കേസുകളാണ് എന്‍ഐഎ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. ഒരു മുസ്ലിം യുവാവ് അമുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചപ്പോള്‍ ആ കേസ് എന്‍ഐഎ ഏറ്റെടുത്തെന്നും അതില്‍ ജിഹാദ് എന്ന പദം വന്നുവെന്നും വഹാബ് വിശദീകരിച്ചു.

Exit mobile version