1300 യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുക! പട്ടിക ജാതി -പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് വിദേശത്ത് ജോലി ഉറപ്പ് വരുത്താൻ മന്ത്രി എകെ ബാലൻ യുഎഇയിൽ

ഉദ്യോഗാർത്ഥികളുടെ ഉയർന്ന ശമ്പളത്തിൽ ഗൾഫിലൊരു ജോലി എന്ന സ്വപ്‌നത്തിന് ചിറക് നൽകാനായി മന്ത്രി നേരിട്ട് യുഎഇയിലെത്തി.

ദുബായ്: പട്ടികജാതി-പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഗൾഫിലൊരു ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ കൂടുതൽ നടപടികളുമായി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലൻ. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന ശമ്പളത്തിൽ ഗൾഫിലൊരു ജോലി എന്ന സ്വപ്‌നത്തിന് ചിറക് നൽകാനായി മന്ത്രി നേരിട്ട് യുഎഇയിലെത്തി.

സർക്കാർ നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി തൊഴിലിടം കണ്ടെത്തുകയാണ് മന്ത്രിയുടെ യുഎഇ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. വിദേശത്ത് സ്വന്തമായി ജോലി കരസ്ഥമാക്കിയ പട്ടിക വിഭാഗക്കാരായ യുവാക്കളെ സന്ദർശിച്ച് കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള സാധ്യതകളും മന്ത്രി ആരാഞ്ഞു.

ബാങ്കിങ്, ഇൻഷുറൻസ്, ഐടി, ആരോഗ്യരംഗം, ഫിനാൻസ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സാധ്യതകളും മന്ത്രി ഈ യാത്രയ്ക്കിടെ തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകാൻ സന്നദ്ധരായ തൊഴിൽദാതാക്കളുടെ യോഗം തിങ്കളാഴ്ച മന്ത്രി ദുബായിലെ ഗ്രാന്റ് മില്യൺ ഹോട്ടലിൽ വിളിച്ചുചേർത്തു. നൂറോളം സംരംഭകരാണ് യോഗത്തിൽ പങ്കെടുത്തത്. മന്ത്രിയോടൊപ്പം പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ അലി അസ്ഗർ പാഷ ഐഎഎസും യോഗത്തിനെത്തിയിരുന്നു. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുന്നതിനെ കുറിച്ച് സംസാരിച്ച മന്ത്രി സംരംഭകർ ഉദ്യോഗാർത്ഥികളിൽ ആഗ്രഹിക്കുന്ന നൈപുണ്യങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചറിയുകയും ചെയ്തു. ഈ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലുള്ള കോഴ്‌സുകൾക്ക് വരും വർഷങ്ങളിൽ രൂപം നൽകി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയും കൂടിയാണ് സർക്കാരിന്റെ ലക്ഷ്യം.

ചർച്ചയ്ക്കിടെ ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന് വരുന്ന ചെലവുകൾ ഉൾപ്പടെ സർക്കാർ വഹിക്കുമെന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു. സർക്കാർ കഴിഞ്ഞ മൂന്ന് വർഷമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലനവും വിദേശത്ത് തൊഴിൽ കണ്ടെത്താനുള്ള സഹായവും നൽകുന്ന പദ്ധതി മുഖേനെ വിവിധ തൊഴിലുകൾക്കായി 2357 യുവാക്കൾക്കാണ് പരിശീലനം നൽകിയത്. നിലവിൽ 219 ഉദ്യോഗാർത്ഥികൾ വിദേശത്ത് ഈ പദ്ധതി പ്രകാരം ജോലി നേടി കഴിഞ്ഞു. 45പേർ ജോലി ലഭിച്ച് വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നു. 2240 പേർ സ്വന്തമായി തൊഴിൽ കണ്ടെത്തി വിവിധ വിദേശ രാജ്യങ്ങളിൽ ജോലി സമ്പാദിച്ചിട്ടുമുണ്ട്. അതേസമയം, 1300 യുവാക്കൾക്ക് തൊഴിൽ ഉടനെ ലഭ്യമാക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഓയിൽ ആന്റ് റിഗ് മേഖലയിൽ 182 പേർക്കാണ് ഈ പദ്ധതി പ്രകാരം ജോലി ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ തൊഴിൽ നേടിയതും ഈ മേഖലയിലാണ്. ഹോസ്പിറ്റാലിറ്റി മേഖലയിൽ 37 പേർക്കും ജോലി ലഭിച്ചു.

ഈ മാസം 17ന് അബുദാബി ഗ്രാന്റ് മില്യൺ ഹോട്ടലിൽ വെച്ച് മന്ത്രി സംരംഭകരുടെ മറ്റൊരു യോഗവും വിളിച്ചു ചേർക്കുന്നുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ ദാതാക്കൾ പട്ടികജാതി- പട്ടിക വർഗ്ഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അലി അസ്ഗർ പാഷയുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: +971 52 114 0713

Exit mobile version