ഒരു കുഴിവെട്ടി അതിൽ എസ്എഫ്‌ഐയെ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷം; എസ്എഫ്‌ഐയെ കൊന്നു കുഴിച്ചുമൂടാൻ ഓവർടൈം ജോലി ചെയ്യുന്ന സകലരോടുമായി എം സ്വരാജ്

കോളേജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എം സ്വരാജ് എംഎൽഎ ആവർത്തിച്ചു.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കോളേജ് ക്യാംപസിൽ വെച്ച് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐയ്‌ക്കെതിരെ നിരന്തരം വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങളെ വിമർശിച്ച് എം സ്വരാജ് എംഎൽഎ. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എം സ്വരാജ് എംഎൽഎ ആവർത്തിച്ചു.

സംഘടനയ്ക്ക് വളർച്ചയുടെ ഭാഗമായുണ്ടാവുന്ന വെല്ലുവിളികൾ സ്വാഭാവികമാണ്. അത്തരം വെല്ലുവിളികളെ ഏതൊരു സംഘടനയും നേരിടേണ്ടി വരും. എസ്എഫ്‌ഐയുടെ കൊടിക്കീഴിലേയ്ക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ എസ്എഫ്‌ഐയുടെ രാഷ്ടീയം പഠിപ്പിച്ച് ഉയർത്തിക്കൊണ്ടുവരിക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ഇക്കാര്യത്തിന് അടിവരയിടുന്നു. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ധീരമായി മുന്നോട്ടുപോകാനുള്ള കരുത്ത് എസ്എഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിനുണ്ട്. അവരത് നിർവഹിക്കും. എസ്എഫ്‌ഐ നമ്മുടെ കലാലയങ്ങളുടെ അഭിമാനമായി തുടരുകയും ചെയ്യും.

എന്നാൽ വീണു കിട്ടിയ ഒരു അക്രമ സംഭവത്തിന്റെ പേരിൽ ഒരു കുഴിവെട്ടി അതിൽ എസ്എഫ്‌ഐയെ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷം. അവർക്കിപ്പോൾ തന്നെ എസ്എഫ്‌ഐയെ കൊല്ലണം. ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങൾ മേൽ വാർത്ത ആഘോഷിക്കുന്നത്. അക്രമങ്ങൾ ഇല്ലാതാക്കുകയല്ല മറിച്ച് എസ്എഫ്‌ഐയുടെ ചോര കുടിയ്ക്കുകയാണ് ലക്ഷ്യം. ഈ ദുഷ്ടലാക്കിന്റെ മുന്നിൽ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച് , നട്ടെല്ലു വളച്ച് , മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവർക്ക് എസ്എഫ്‌ഐയെ അറിയില്ല. കേരളീയ കലാലയങ്ങളുടെ സമരസാന്ദ്ര ചരിത്രവും ഓർമയുണ്ടാവില്ലെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.

എസ്എഫ്‌ഐക്കാർക്ക് അവിടെ തെറ്റുപറ്റിയിട്ടുണ്ട്. ഒരു ന്യായീകരണവുമില്ല. മാതൃകാപരമായി അവരാ തെറ്റ് തിരുത്തുകയാണ്. കരുത്തോടെ അവർ തെറ്റുതിരുത്തി മുന്നോട്ടു പോകും. എസ്എഫ്‌ഐയ്ക്ക് നിരക്കാത്തതൊന്നും എസ്എഫ്‌ഐയിൽ ഉണ്ടാവില്ല. എന്നാൽ ഈ തക്കത്തിൽ എസ്എഫ്‌ഐയെ അങ്ങു ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

എം സ്വരാജ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

SFl യെ മൂടാൻ കുഴിവെട്ടുന്നവരോട് …

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണ്. നിരന്തരാക്രമണങ്ങളുടെ ചോര പുരണ്ട ഒരു കാലഘട്ടത്തിന്റെ കഠാര മുനയിൽ നിന്നും കേരളീയ കലാലയങ്ങളെ രക്ഷിച്ചെടുത്ത SFlയുടെ പ്രവർത്തകരാണ് യൂണിവേഴ്‌സിറ്റി കോളേജിൽ പക്ഷേ പ്രതിസ്ഥാനത്തുള്ളത്. അതു കൊണ്ടു തന്നെ ഇത് ഏറെ ഗൗരവമുള്ളതാണ്. തെറ്റാണ്. അടിയന്തിരമായി തിരുത്തേണ്ടതാണ്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശക്തമായ തിരുത്തൽ നടപടികൾക്കാണ് SFI തുടക്കം കുറിച്ചത്. ഇതിനോടകം ആ യുണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു കഴിഞ്ഞു. അക്രമ പ്രവണതയോട് സന്ധി ചെയ്യില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ SFlനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. കുറച്ചു കാലമായി കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലെയും മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും SFlയിലാണ് അണിനിരന്നിട്ടുള്ളത്. ഏതൊരു വിദ്യാർത്ഥി സംഘടനയും മോഹിക്കുന്ന വലിയ മുന്നേറ്റമാണ് SFI യ്ക്ക് സാധ്യമായത്. എല്ലാ തിരഞ്ഞെടുപ്പിലും അവരാണ് ജയിക്കുന്നത്. ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് ആരെയും അസൂയപ്പെടുത്തുന്ന ഈ വളർച്ച SFI നേടിയത്. വളർച്ചയുടെ ഭാഗമായുണ്ടാവുന്ന വെല്ലുവിളികൾ സ്വാഭാവികമാണ്. അത്തരം വെല്ലുവിളികളെ ഏതൊരു സംഘടനയും നേരിടേണ്ടി വരും . SFI യുടെ കൊടിക്കീഴിലേയ്ക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ SFlയുടെ രാഷ്ടീയം പഠിപ്പിച്ച് ഉയർത്തിക്കൊണ്ടുവരിക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം ഇക്കാര്യത്തിന് അടിവരയിടുന്നു. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ധീരമായി മുന്നോട്ടുപോകാനുള്ള കരുത്ത് SFlയുടെ സംസ്ഥാന നേതൃത്വത്തിനുണ്ട്. അവരത് നിർവഹിക്കും. SFI നമ്മുടെ കലാലയങ്ങളുടെ അഭിമാനമായി തുടരുകയും ചെയ്യും. എന്നാൽ വീണു കിട്ടിയ ഒരു അക്രമ സംഭവത്തിന്റെ പേരിൽ ഒരു കുഴിവെട്ടി അതിൽ SFI യെ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷം. അവർക്കിപ്പോൾ തന്നെ SFlയെ കൊല്ലണം. ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങൾ മേൽ വാർത്ത ആഘോഷിക്കുന്നത്. അക്രമങ്ങൾ ഇല്ലാതാക്കുകയല്ല മറിച്ച് SFlയുടെ ചോര കുടിയ്ക്കുകയാണ് ലക്ഷ്യം. ഈ ദുഷ്ടലാക്കിന്റെ മുന്നിൽ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച് , നട്ടെല്ലു വളച്ച് , മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവർക്ക് SFlയെ അറിയില്ല.
കേരളീയ കലാലയങ്ങളുടെ സമരസാന്ദ്ര ചരിത്രവും ഓർമയുണ്ടാവില്ല. കെ എസ് യു വിന്റെ ചോരക്കത്തിയുടെ മുനയിൽ ജീവനൊടുങ്ങിപ്പോയ ഉശിരാർന്ന യൗവനങ്ങളുടെ ത്യാഗസഹന സമ്പൂർണമായ ചെറുത്തുനിൽപുകൾ നിറഞ്ഞ ഭൂതകാലം കേട്ടിട്ടേയുണ്ടാവില്ല.

യൂണിവേഴ്‌സിറ്റി കോളേജെന്ന് ആർത്തുവിളിച്ച് SFI യെ കൊന്നു കുഴിച്ചുമൂടാൻ ഓവർടൈം ജോലി ചെയ്യുന്ന സകലരോടും പറയട്ടെ. അതെ, SFl ക്കാർക്ക് അവിടെ തെറ്റുപറ്റിയിട്ടുണ്ട്. ഒരു ന്യായീകരണവുമില്ല. മാതൃകാപരമായി അവരാ തെറ്റ് തിരുത്തുകയാണ്. കരുത്തോടെ അവർ തെറ്റുതിരുത്തി മുന്നോട്ടു പോകും. SFI യ്ക്ക് നിരക്കാത്തതൊന്നും SFI യിൽ ഉണ്ടാവില്ല. എന്നാൽ ഈ തക്കത്തിൽ SFI യെ അങ്ങു ഭസ്മീകരിക്കാമെന്ന് ആരും കരുതണ്ട.

ആയിരം അക്രമങ്ങളുടെ , ഹീനമായ കൊലപാതകങ്ങളുടെ ചോരക്കറയുമായി കലാലയങ്ങളുടെയാകെ വെറുപ്പേറ്റുവാങ്ങി അന്ത്യശ്വാസം വലിയ്‌ക്കേണ്ടി വന്ന ജീർണ സംഘങ്ങളെ ഈ തക്കം നോക്കി പട്ടടയിൽ നിന്നെടുത്ത് പൗഡറിട്ട് മിനുക്കിയെടുക്കാമെന്നും കരുതണ്ട. അക്രമങ്ങളെ കലാലയങ്ങൾ ഒരു കാലത്തും അംഗീകരിക്കില്ല . അക്രമികളെ വിദ്യാർത്ഥികൾ പിന്തുണയ്ക്കുകയുമില്ല. സമാധാനമുള്ള കാമ്പസാണ് എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നവർ ഒരു പക്ഷേ മനോരമ – മാതൃഭൂമി പത്രങ്ങളാണ്. തങ്ങളുടെ ഇഷ്ടക്കാരും ഏറാൻ മൂളികളുമായിരുന്ന കെ എസ് യു വിന് ആവശ്യത്തിന് വെള്ളവും വളവും നൽകിയിട്ടും അവർക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നു മാത്രം നോക്കിയാൽ കാര്യം മനസിലാവും. മുഖ്യധാരാ മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ ലഭിച്ചിട്ടും , ‘ബാലജനസഖ്യം’ റിക്രൂട്ട്‌മെന്റ് ഏജൻസിയായി അത്യദ്ധ്വാനം ചെയ്തിട്ടും കലാലയങ്ങൾ കെ എസ് യുവിനെ വെറുപ്പോടെ ആട്ടിയകറ്റിയത് എന്തുകൊണ്ടായിരുന്നുവെന്ന് ചിന്തിക്കണം. മനുഷ്യത്വരഹിതമായ അക്രമങ്ങളും കൊലപാതകങ്ങളുമാണ് കെ എസ് യുവിനെ കാമ്പസുകൾ വെറുക്കാൻ കാരണം.

ഇന്നലെകളിൽ നമ്മുടെ കലാലയ മുറ്റങ്ങളിലെ മണ്ണു നനഞ്ഞത് മഴ കൊണ്ടല്ല. ഇളം ചോര വീണാണ്. കലോത്സവ വേദിയിലാണ് കൊച്ചനിയനെ വെട്ടിനുറുക്കിക്കൊന്നത് . മുഹമ്മദ് അഷറഫ് ,സി വി. ജോസ് , എം.എസ് പ്രസാദ് , ജി.ഭുവനേശ്വരൻ. എത്രയെത്ര ഉശിരന്മാരാണ് ജീവിതത്തിന്റെ വസന്തകാലങ്ങളിൽ കലാലയങ്ങളിൽ വെച്ച് ഖദർ ധാരികളാൽ തല്ലിക്കൊഴിയ്ക്കപ്പെട്ടത്. ജീവിതം ചക്രക്കസേരയിൽ ഹോമിക്കേണ്ടി വന്ന സൈമൺ ബ്രിട്ടോ . കാലു മുറിച്ചു മാറ്റേണ്ടി വന്ന ജൂലിയസ് ഫെർണാണ്ടസ്, വൃക്ക തകർന്ന ഹരികുമാർ.. കിരാതമായ ആക്രമങ്ങളുടെ ആഘാതം പേറി ജീവിക്കുന്ന രക്തസാക്ഷികളായ എത്ര സഖാക്കൾ .. ഒരു കാലത്ത് കാമ്പസുകൾ അടക്കിവാണ കെ എസ് യു വിനെ കലാലയങ്ങൾ തോൽപിച്ചോടിച്ചത് ഈ അക്രമപരമ്പരകൾ നേരിട്ട് കണ്ടതുകൊണ്ടാണ്. എ ബി വി പി യ്ക്ക് ഇനിയും കാമ്പസിൽ കാലുറപ്പിക്കാനാവാത്തതും ഇക്കാരണത്താലാണ്. ശ്രീകുമാറും , സെയ്താലിയും , കെ.ആർ.തോമസും , പി.കെ.രാജനും , ഇ.കെ ബാലനും , പി.കെ.രമേശനും , അജയപ്രസാദും അങ്ങനെ എത്രയെത്ര വിദ്യാർത്ഥി സഖാക്കളെയാണ് RSS കൊന്നു തള്ളിയത് . മുപ്പതിലധികം സഹപ്രവർത്തകർ അരുംകൊല ചെയ്യപ്പെട്ടിട്ടും സഹനത്തിന്റെ മഹാ മാതൃകകളായി നിലയുറപ്പിച്ചതിനാലാണ് , തിരിച്ചടിക്കാനും പ്രതികാരം ചെയ്യാനും ആയിരം മടങ്ങു കൂടുതൽ കരുത്തുണ്ടായിട്ടും തങ്ങളുടെ കൈ കൊണ്ട് ഒരു സഹപാഠിയുടെ പോലും ചോര കാമ്പസിൽ വീഴരുതെന്നും , ഒരമ്മയുടേയും കണ്ണ് നിറയരുതെന്നും ഉറപ്പിച്ചു നിലപാടെടുത്തതു കൊണ്ടാണ് SFI യെ കാമ്പസുകൾ ഹൃദയത്തോട് ചേർത്തത്. ആന്റി ഡ്രഗ് സ്‌ക്വാഡും , ആന്റി റാഗിംഗ് സ്‌ക്വാഡും രൂപീകരിച്ച് കാമ്പസുകളുടെയും സഹപാഠികളുടെയും കാവലാളുകളായതിനാലാണ് SFI അംഗീകരിക്കപ്പെട്ടത്.

വിദ്യാർത്ഥികളുടെ നൂറായിരം അവകാശസമരങ്ങൾക്ക് ധീര നേതൃത്വം നൽകിയാണ് SFI വളർന്നത്. സമരമുഖങ്ങളിലെ ത്യാഗവും സഹനവും ധീരതയുമാണവരെ കാമ്പസിന്റെ നേതൃത്വമാക്കി മാറ്റിയത്. ഋണാത്മക മനസോടെ അരാജക പ്രവണതകളിലേയ്ക്ക് വഴുതി വീഴുമായിരുന്ന മലയാളി യവ്വനത്തെ പ്രതീക്ഷാനിർഭരമായ രാഷ്ട്രീയ ഉൾക്കാഴ്ച പകർന്ന് നൽകി കരുത്തരാക്കി മാറ്റിയ മഹത്തായ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം നമ്മുടെ നാടിന്റെ പൊതു സ്വത്താണ്. മനുഷ്യത്വവും മാനവികതയും കാമ്പസിൽ മുദ്രാവാക്യങ്ങളായി മുഴങ്ങിയത് SFI യിലൂടെയാണ് .
നെൽസൺ മണ്ടേലയെന്നും ,വിയറ്റ്‌നാമെന്നും , കലാലയങ്ങൾ കേട്ടത് മറ്റെവിടെ നിന്നുമല്ല. നെരൂദയും ,ജൂലിയസ് ഫ്യൂച്ചിക്കും, ബ്രെഹ്തും, സച്ചിദാനന്ദനും ഒക്കെ SFI ക്കാരുടെ നാവിലൂടെയാണ് കാമ്പസിന്റെ കാതുകൾക്ക് സുപരിചിതരായത്. വർഗീയതയും ജാതീയതയും കലാലയ മതിൽക്കെട്ടിന് പുറത്ത് നിരാശ പൂണ്ടിരിക്കുന്നത് കാമ്പസിനകത്ത് SFI കൊടി ഉയർത്തി നിൽക്കുന്നതു കൊണ്ടു തന്നെയാണ്.

അതെ,എന്നെങ്കിലുമൊരിക്കൽ ഈ ശുഭ്ര പതാകയ്ക്ക് കീഴിൽ നിന്നിട്ടുള്ളവർക്കെല്ലാം അഭിമാനത്തോടെ എന്നെന്നും ഓർമിക്കാവുന്ന നിലപാടുകളും പ്രവർത്തന പദ്ധതികളുമാണ് എന്നും SFlയ്ക്കുള്ളത്. ഒരു കോളേജിൽ തെറ്റായ ഒരു സംഭവമുണ്ടായാൽ വിമർശിക്കാം. വിമർശിക്കണം. വിമർശനങ്ങളെ സ്വീകരിയ്ക്കും. എന്നാൽ അക്രമമല്ല എസ്എഫ്‌ഐ നയമെന്നും എസ് എഫ് ഐ യുടെ ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് അക്രമം നയമായി സ്വീകരിച്ചതെന്നും വസ്തുതകളെ സാക്ഷിനിർത്തി ഞങ്ങളാവർത്തിക്കും. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം SFI ശൈലിയല്ലെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും നിലപാടു സ്വീകരിച്ച SFI യെ ഇനിയും സംശയിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്. അവരുടെ മുന്നിൽ തലകുനിക്കുകയുമില്ല. പിശകുകൾ തിരുത്തി ശരികളിലേയ്ക്ക്, ശരികളിൽ നിന്ന് കൂടുതൽ ശരിയായ ശരികളിലേയ്ക്ക് SFI വളരും , ഇനിയും മുന്നേറും. ദുഷ്ടലാക്കുള്ളവർക്ക് നിരാശപ്പെടേണ്ടി വരും.

Exit mobile version