പ്രവേശന ഫീസ് അമിതമായി വാങ്ങുന്നത് ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ ഘെരാവോ ചെയ്തു; കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയദേവന്‍ രാജിവെച്ചു

തൃശ്ശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയദേവന്‍ രാജിക്കത്ത് സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനു പിന്നാലെയാണ് കോളേജിന്റെ ഉടമസ്ഥാവകാശമുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് പ്രിന്‍സിപ്പാള്‍ രാജിക്കത്ത് കൈമാറിയത്. ന്നൊല്‍ ദേവസ്വം ബോര്‍ഡ് രാജി സ്വീകരിച്ചിട്ടില്ല.

കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശന ഫീസ് അമിതമായി വാങ്ങുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തിരുന്നു. ഫീസ് കൂടുതല്‍ വാങ്ങുന്നത് ചോദ്യം ചെയ്ത കോളേജ് യൂണിയന്‍ ചെയര്‍മാനെ പ്രിന്‍സിപ്പാള്‍ അപമാനിക്കുകയും വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ ഇടപെട്ടതോടെ ഇത് കൂടുതല്‍ തര്‍ക്കത്തിന് വഴിമാറുകയുമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കയറി മുദ്രാവാക്യം മുഴക്കി. പ്രിന്‍സിപ്പാള്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും അദ്ദേഹത്തെ ഉപരോധിക്കുകയും ചെയ്തു.

പ്രതിഷേധത്തില്‍ അയവുവരുത്താന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടാക്കാതെ വന്നതോടെയാണ് പ്രിന്‍സിപ്പാള്‍ രാജി വെച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ പ്രിന്‍സിപ്പാള്‍ നിയമനവും ഏറെ വിവാദത്തിലായിരുന്നു. ചട്ടപ്രകാരം ഡോ. ടിഡി ശോഭയാണ് കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ പദവിയിലെത്തേണ്ടിയിരുന്നത്. ശോഭയ്ക്ക് അഞ്ച് വര്‍ഷവും ജയദേവന് എട്ട് വര്‍ഷവും സര്‍വീസ് അവശേഷിക്കുന്നുണ്ട്.

Exit mobile version