ബിജെപി അബ്ദുള്ളക്കുട്ടിയെ തങ്കക്കട്ടിയായി സംരക്ഷിക്കും; കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയെ സ്വീകരിച്ച് പികെ കൃഷ്ണദാസ്

കണ്ണൂര്‍: കോണ്‍ഗ്രസും പുറത്താക്കിയതോടെ ബിജെപിയിലേക്ക് ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ പ്രശംസിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ബിജെപിയിലേക്ക് വന്ന എപി അബ്ദുള്ളക്കുട്ടിയെ തങ്കക്കട്ടിയെ പോലെ സംരക്ഷിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ പാത സ്വീകരിച്ച് ഒട്ടേറെ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ബിജെപിയിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് അവകാശപ്പെട്ടു. അബ്ദുള്ളക്കുട്ടിയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു കൃഷ്ണദാസിന്റെ വാക്കുകള്‍.

നരേന്ദ്ര മോഡിയുടെ വികസന കാഴ്ചപ്പാട് അംഗീകരിക്കുന്ന മുന്‍ എംഎല്‍എമാരെയും ഇപ്പോഴത്തെ എംപിമാരെയുമടക്കം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, തനിക്ക് ബിജെപി പുതിയ രാഷ്ട്രീയോദയം നല്‍കുകയായിരുന്നെന്ന് ആയിരുന്നു അബ്ദുളളക്കുട്ടിയുടെ വാക്കുകള്‍. കോണ്‍ഗ്രസ് കൂടി തന്നെ പുറത്താക്കിയപ്പോള്‍ രാഷ്ട്രീയജീവിതം അവസാനിച്ചെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. തന്റെ ബിജെപി പ്രവേശനത്തില്‍ സമുദായത്തില്‍ വലിയ ആഘാതമുണ്ടായി. എന്നാല്‍ വിദ്യാഭ്യാസവും വിവരവുമുള്ള ന്യൂനപക്ഷവിഭാഗക്കാര്‍ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Exit mobile version